പുതിയപ്രതീക്ഷകളുമായി രാജ്യം പുതുവർഷത്തിലേക്ക് ചുവടുവെച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം വലിയ ആഘോഷങ്ങളോടെയാണ് 2025-നോട് വിട പറഞ്ഞതും 2026-നെ വരവേറ്റതും. പൗരന്മാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും പുതുവല്‍സരാശംസകൾ നേർന്നു.സംസ്ഥാനത്തും വിപുലമായ പുതുവത്സരാഘോഷങ്ങളാണ് നടന്നത്.
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ പുതുവൽസരാഘോഷ കേന്ദ്രങ്ങളിൽ ജനത്തിരക്കേറി. സംസ്ഥാനത്ത് പുതുവർഷപ്പിറവിയുടെ അടയാളമായ പപ്പാഞ്ഞിയെ കത്തിക്കലും ഗംഭീരമായി നടന്നു. പ്രധാനമായി ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പടുകൂറ്റൻ പപ്പാഞ്ഞിമാരെ കത്തിച്ചത്. കൂടാതെ പലയിടങ്ങളിലും ചെറുപപ്പാഞ്ഞിമാരെ കത്തിച്ചുകൊണ്ടും പുതുവർഷത്തെ വരവേറ്റു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി എല്ലാ നഗരങ്ങളിലും പുതുവർഷമാഘോഷിക്കാൻ വൻ ജനാവലിയാണ് ഒത്തുകൂടിയത്. തിരക്ക് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു


