തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഒന്നരക്കോടിയിലധികം കെട്ടിടങ്ങളുടെ ഐഡന്റിറ്റിയില്‍ വലിയൊരു മാറ്റം വരുന്നു. വീടുകളും വാണിജ്യ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും പുതിയ നമ്ബറുകള്‍ നല്‍കാനുള്ള നടപടികള്‍ ഈ മാസം തന്നെ പൂർത്തിയാകും. വാർഡ് വിഭജനത്തിന് ശേഷം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കേണ്ടിയിരുന്ന ഈ പ്രക്രിയ സാങ്കേതിക കാരണങ്ങളാല്‍ അല്പം വൈകിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. പഴയ നമ്ബർ രീതികളിലെ അവ്യക്തത ഒഴിവാക്കി ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് പൂർണ്ണമായും മാറുകയാണ് ലക്ഷ്യം.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഒന്നരക്കോടിയിലധികം വരുന്ന കെട്ടിടങ്ങളുടെ നമ്ബറുകള്‍ ഈ മാസം മുതല്‍ മാറുകയാണ്. ഇതില്‍ 1.10 കോടി വീടുകളും അപ്പാർട്ട്‌മെന്റുകളും ഉള്‍പ്പെടുമ്ബോള്‍ 46 ലക്ഷത്തോളം വാണിജ്യ കെട്ടിടങ്ങളാണുള്ളത്. പുതിയ ക്രമീകരണമനുസരിച്ച് ‘വാർഡ് നമ്ബർ / കെട്ടിട നമ്ബർ’ എന്ന ലളിതമായ മാതൃകയിലായിരിക്കും ഇനി മുതല്‍ നമ്ബറുകള്‍ നല്‍കുക. ഉദാഹരണത്തിന്, ഒന്നാം വാർഡിലെ ഒന്നാം നമ്ബർ കെട്ടിടത്തിന് 1/1 എന്ന പുതിയ നമ്ബർ ലഭിക്കും. തദ്ദേശ വകുപ്പിന്റെ ഡിജിറ്റല്‍ സേവന പ്ലാറ്റ്‌ഫോമായ ‘കെ-സ്മാർട്ട്’ ആപ്ലിക്കേഷൻ വഴിയാണ് ഈ പ്രക്രിയ ഏകോപിപ്പിക്കുന്നത്. ഭാവിയില്‍ പുതിയ കെട്ടിടങ്ങള്‍ വരുമ്ബോള്‍ നമ്ബറുകള്‍ക്കിടയില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേർക്കുന്ന രീതി ഒഴിവാക്കാൻ ചില നമ്ബറുകള്‍ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യവും ഈ പുതിയ പരിഷ്കാരത്തിലുണ്ട്.
ഓരോ വാർഡിലെയും ഭൂപ്രദേശങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തിയതിനാല്‍ കെ-സ്മാർട്ട് ആപ്പിലൂടെ നമ്ബറുകള്‍ എളുപ്പത്തില്‍ ക്രമീകരിക്കാം.മുൻപ് പുതിയ കെട്ടിടങ്ങള്‍ വരുമ്ബോള്‍ എ, ബി, സി എന്നിങ്ങനെ അക്ഷരങ്ങള്‍ ചേർക്കുന്ന രീതി 1/10A ഇനി ഉണ്ടാവില്ല. പകരം ഭാവിയില്‍ വരാൻ സാധ്യതയുള്ള കെട്ടിടങ്ങള്‍ക്കായി നമ്ബറുകള്‍ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യവും പുതിയ രീതിയിലുണ്ട്. അതത് പഞ്ചായത്തുകള്‍, നഗരസഭകള്‍, കോർപ്പറേഷനുകള്‍ എന്നിവയ്ക്കാണ് പുതിയ നമ്ബർ നല്‍കാനുള്ള ഉത്തരവാദിത്തം.
രേഖകളില്‍ മാറ്റം വരുത്തേണ്ടി വരും, കെട്ടിട നമ്ബറുകള്‍ മാറുന്നതോടെ ഉടമകള്‍ ചില പ്രധാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ വ്യക്തിഗത രേഖകളില്‍ വിലാസം പുതുക്കേണ്ടി വന്നേക്കാം. സ്ഥാപനങ്ങള്‍ നടത്തുന്നവർ ലൈസൻസ്, ജിഎസ്ടി തുടങ്ങിയ രേഖകളില്‍ പുതിയ നമ്ബർ അപ്ഡേറ്റ് ചെയ്യേണ്ടി വരും. ബാങ്ക് അക്കൗണ്ടുകള്‍, ഇലക്‌ട്രിസിറ്റി ബില്ലുകള്‍, വാട്ടർ അതോറിറ്റി കണക്ഷനുകള്‍ എന്നിവയിലും ഈ മാറ്റം പ്രതിഫലിക്കും.
കെട്ടിട നമ്ബറുകള്‍ ഇടയ്ക്കിടെ മാറുന്നത് ഒഴിവാക്കാൻ ശാശ്വതമായ ഒരു ഡിജിറ്റല്‍ വിലാസം നല്‍കുന്ന ‘ഡിജി പിൻ’ പദ്ധതി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നിലവില്‍ പൂർണ്ണമായി നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. അതിനാല്‍ ഇപ്പോള്‍ വാർഡ് അടിസ്ഥാനത്തിലുള്ള പുതിയ നമ്ബറുകളിലേക്കാണ് സംസ്ഥാനം മാറുന്നത്.


