ഫെബ്രുവരി 1 മുതല്‍ സിഗരറ്റിന് ‘പൊള്ളുന്ന’ വില; നികുതി കൂട്ടി കേന്ദ്രം; പാന്‍ മസാലയ്ക്കും അധിക സെസ്സ്

ഫെബ്രുവരി 1 മുതല്‍ പുകവലിക്കാരെയും പാന്‍ മസാല ഉപയോഗിക്കുന്നവരെയും കാത്തിരിക്കുന്നത് കടുത്ത വിലക്കയറ്റം. സിഗരറ്റുകളുടെ നികുതി ഘടന പരിഷ്‌കരിച്ചുകൊണ്ട് ഫെബ്രുവരി 1 മുതല്‍ പുതിയ എക്‌സൈസ് ഡ്യൂട്ടി പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ സിഗരറ്റ് വിലയില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. ജിഎസ്ടി നിരക്കുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നിലവിലുണ്ടായിരുന്ന ‘കോംപന്‍സേഷന്‍ സെസ്സ്’ ഒഴിവാക്കി പകരം പുതിയ എക്‌സൈസ് ഡ്യൂട്ടിയും ഹെല്‍ത്ത് സെസ്സും നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

 

സിഗരറ്റ് വില വര്‍ദ്ധിക്കുന്നത് എങ്ങനെ?

 

സിഗരറ്റിന്റെ നീളവും അത് ഫില്‍റ്റര്‍ ഉള്ളതാണോ അല്ലയോ എന്നതും നോക്കിയാണ് പുതിയ നികുതി നിശ്ചയിച്ചിരിക്കുന്നത്. 1,000 സിഗരറ്റുകള്‍ക്ക് ഈടാക്കുന്ന അധിക നികുതി താഴെ പറയുന്ന വിധമാണ്:

 

65 മില്ലിമീറ്ററില്‍ താഴെ (ഫില്‍റ്റര്‍ ഇല്ലാത്തത്): 2,050 രൂപ.

 

70 – 75 മില്ലിമീറ്റര്‍ (ഫില്‍റ്റര്‍ ഉള്ളത്): 5,400 രൂപ.

 

മറ്റ് വിഭാഗങ്ങള്‍: 8,500 രൂപ വരെ.

 

കഴിഞ്ഞ ഏഴ് വര്‍ഷമായി സിഗരറ്റുകളുടെ അടിസ്ഥാന എക്‌സൈസ് നികുതിയില്‍ മാറ്റമില്ലായിരുന്നു. ഇത് ഒരു സിഗരറ്റിന് ഒരു പൈസയില്‍ താഴെ മാത്രമായിരുന്നു. ഈ തുച്ഛമായ തുക വര്‍ദ്ധിപ്പിക്കുന്നതിലൂടെ പുകയില ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

 

പുതിയ ജിഎസ്ടി നിരക്കുകള്‍

 

ഫെബ്രുവരി 1 മുതല്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ ഇങ്ങനെയായിരിക്കും:

 

◾സിഗരറ്റ്, പാന്‍ മസാല, പുകയില: 40% ജിഎസ്ടി.

 

◾ബീഡി: 18% ജിഎസ്ടി.

 

◾പാന്‍ മസാലയ്ക്ക് ജിഎസ്ടിക്ക് പുറമെ പുതുതായി ‘ഹെല്‍ത്ത് ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി സെസ്സ്’ കൂടി നല്‍കണം. പാന്‍ മസാലയുടെയും ഗുഡ്ഖയുടെയും ഉല്‍പ്പാദനം കൃത്യമായി നിരീക്ഷിക്കാന്‍ മെഷീന്‍ അധിഷ്ഠിത നികുതി പിരിവ് രീതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

◾പാക്കിങ് മെഷീന്‍ അടിസ്ഥാനമാക്കി നികുതി

◾ച്യൂയിങ് പുകയില, ജര്‍ദ്ദ, ഗുഡ്ഖ തുടങ്ങിയവ നിര്‍മ്മിക്കുന്ന ഫാക്ടറികളില്‍ ഇനി നികുതി കണക്കാക്കുന്നത് ഉല്‍പ്പാദനത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്‌ അവിടെയുള്ള പാക്കിങ് മെഷീനുകളുടെ എണ്ണവും ശേഷിയും അടിസ്ഥാനമാക്കിയായിരിക്കും.

 

◾നിര്‍മ്മാതാക്കള്‍ എല്ലാ മെഷീനുകളും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണം.

 

◾മെഷീന്റെ വേഗതയും ഉല്‍പ്പാദന ശേഷിയും അനുസരിച്ച്‌ നികുതി നിശ്ചയിക്കും.

 

◾ഓരോ മാസവും ആറാം തീയതിക്കുള്ളില്‍ നികുതി അടയ്ക്കണം. ഉല്‍പ്പാദനം കുറച്ചു കാണിച്ച്‌ നികുതി വെട്ടിക്കുന്നത് തടയാനാണ് ഈ ‘മെഷീന്‍ അധിഷ്ഠിത’ രീതി.

 

എന്തുകൊണ്ട് ഈ മാറ്റം?

 

◾ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം സിഗരറ്റ് വിലയുടെ 75 ശതമാനമെങ്കിലും നികുതിയായി ഈടാക്കണമെന്നാണ്. എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഇത് 53 ശതമാനം മാത്രമാണ്. പുകയില ഉപയോഗം മൂലം രാജ്യത്തിനുണ്ടാകുന്ന ഭീമമായ ആരോഗ്യ ചെലവുകള്‍ കണക്കിലെടുത്താണ് നികുതി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കിയ ‘സെന്‍ട്രല്‍ എക്‌സൈസ് ഭേദഗതി ബില്‍’ പ്രകാരമാണ് ഈ മാറ്റങ്ങള്‍ വരുന്നത്. സിഗരറ്റ് നിര്‍മ്മാതാക്കളായ കമ്ബനികള്‍ ഈ നികുതി ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുന്നതോടെ അടുത്ത മാസം മുതല്‍ കടകളില്‍ സിഗരറ്റ് വില ഉയരും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *