മാനന്തവാടി:പ്രകൃതിയെ അടുത്തറിയാന്‍ നഗരമധ്യത്തില്‍ നഗരവനം ഒരുക്കി വനം വകുപ്പ്. സംസ്ഥാനത്ത് മറ്റെവിടെയും കാണാത്ത വിധം നഗരപരിധിക്കകത്ത് സമൃദ്ധമായ വനാനുഭവം പകരുകയാണ് നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ മാനന്തവാടിയില്‍ ഒരുക്കിയ നഗരവനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കുക, ഹരിതാഭ വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന അന്തരീക്ഷ താപനില കുറക്കുക, വായു-ശബ്ദമലിനീകരണം നിയന്ത്രിക്കുക, കാറ്റിന്റെ വേഗത കുറച്ച് നഗരത്തെ സംരക്ഷിക്കുക, ചെറുജീവജാലങ്ങള്‍ക്ക് വാസസ്ഥലം ഒരുക്കുക, ഭുഗര്‍ഭ ജല സംഭരണം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് നഗരവനത്തിലൂടെ ലക്ഷ്യമാക്കുന്നത്. പൊതു ജനങ്ങള്‍ക്ക് പ്രകൃതിയുമായി അടുത്തിടപഴകാനും പരിസ്ഥിതി അവബോധം നേടാനും പദ്ധതിയിലൂടെ അവസരമൊരുക്കുന്നു.

വനം വകുപ്പിന്റെ നേതൃത്വത്തില്‍ നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ കോമ്പൗണ്ടില്‍ ആരംഭിച്ച നഗരവനം, ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ഒരു ലക്ഷത്തിലേറെ പേരാണ് സന്ദര്‍ശിച്ചത്. അക്വേറിയം, നക്ഷത്ര വനം, ആന്തുറിയം കോര്‍ണര്‍, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍, ഫേണ്‍സ്, കനോപി വാക്ക്, ഏറുമാടം, ഓക്‌സിജന്‍ പാര്‍ലര്‍, വെള്ളച്ചാട്ടം,ഊഞ്ഞാല്‍,ഫോട്ടോ പോയിന്റ്, കഫ്റ്റീരീയ, ഇരിപ്പിടങ്ങള്‍, ശുചിമുറി എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വിവിധയിനം ഔഷധ സസ്യങ്ങളെയും ചെറു ജീവജാലങ്ങളെയും സംബന്ധിച്ച വിവരണങ്ങള്‍, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധ്യാനം വ്യക്തമാക്കുന്ന ഗ്രാഫുകള്‍, വന്യമൃഗങ്ങളുടെ ശില്‍പ്പങ്ങള്‍, കുട്ടികള്‍ക്കായുള്ള കളി ഉപകരണങ്ങളും നഗരവനത്തില്‍ സജീകരിച്ചിരിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി മനുഷ്യ നിര്‍മിത വെള്ളച്ചാട്ടവും ഒരുക്കിയിട്ടുണ്ട്.

വിദ്യാര്‍ഥികളില്‍ പ്രകൃതിയും പരിസ്ഥിതിയും സംബന്ധിച്ച് അവബോധം വര്‍ദ്ധിപ്പിക്കുകയും പദ്ധതി ലക്ഷ്യങ്ങളിലൊന്നാണ്. ബ്രിട്ടീഷ് കാലഘട്ടത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന വനം വകുപ്പ് ഓഫീസ്, വനം വകുപ്പ് ബംഗ്ലാവ് എന്നിവ സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചകളാണ്. മരങ്ങള്‍ക്കിടയിലൂടെ ഒരുക്കിയ 800 മീറ്റര്‍ നീളമുള്ള നടപ്പാത ആസ്വാദകരമാണ്. പ്രകൃതിക്ക് കോട്ടം വരുത്താതെ, പ്രകൃതി സംരക്ഷണം ഉറപ്പാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികളാണ് നഗരവനത്തിലുള്ളത്. വൈവിധ്യങ്ങളാല്‍ സമ്പന്നമായ മനുഷ്യനിര്‍മ്മിത വനം വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാണ് നല്‍കുന്നത്. രാവിലെ 9.30 മുതല്‍ 5.30 വരെയാണ് സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയും വിദേശികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.പാര്‍ക്കിങിന് ഇരുചക്രവാഹനങ്ങള്‍ക്ക് 10 രൂപയും മുചക്ര വാഹനങ്ങള്‍ക്ക് 15 ഉം, നാല് ചക്രവാഹനങ്ങള്‍ക്ക് 20 ഉം വലിയ വാഹനങ്ങള്‍ക്ക് 30 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്.


