കുന്നംകുളം: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കാവിലക്കാട് സ്വദേശികളായ 2 യുവാക്കൾക്ക് ദാരുണാന്ത്യം. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശന്റെ മകൻ പ്രണവ് (26), കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിലായിരുന്നു അപകടം നടന്നത്. കാണിപ്പയ്യൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലിടിക്കുക ആയിരുന്നു.
മറ്റൊരു ബൈക്കില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കൾ മുന്നോട്ട് പോയെങ്കിലും, ഏറെ നേരം കഴിഞ്ഞിട്ടും പിന്നാലെ പ്രണവിനെയും, ജിഷ്ണുവിനെയും കാണാത്തതിനെ തുടർന്ന് അവർ തിരിച്ചു വരികയായിരുന്നു. തിരിച്ചുള്ള തിരച്ചിലിലാണ് ബൈക്ക് മറിഞ്ഞു കിടക്കുന്നത് സുഹൃത്തുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇരുവരെയും കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.


