തിരുവനന്തപുരം∙ ശബരിമല സ്വർണക്കവർച്ച കേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത്. എഡിജിപിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ മുതൽ തന്ത്രി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു.അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്ത്രി രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ. നേരത്തെ മുതൽ തന്ത്രിയുടെ ഇടപെടൽ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്ഐടി നടത്തിയത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിയും തന്ത്രി കണ്ഠര് രാജീവരും തമ്മിൽ അടുത്ത സൗഹൃദമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്‌ണൻ പോറ്റിയെ ശബരിമലയിലേക്കെത്തിച്ചത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരത്തെപ്പറ്റി തന്ത്രിക്കുണ്ടറിയാമായിരുന്നു എന്നുമുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.


