കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്. ഈ നില തുടര്‍ന്നാല്‍ വൈകാതെ സര്‍വകാല റെക്കോര്‍ഡ് മറികടന്ന് മഞ്ഞലോഹം കുതിക്കും. നേരത്തെ വിവാഹത്തിന് 50 പവന് കൊടുത്തിരുന്നവര്‍ ഇപ്പോള്‍ 10 അല്ലെങ്കില്‍ 15 പവനിലേക്ക് ചുരുക്കിയിട്ടുണ്ട്. ഇനി ഇതില്‍ നിന്നും താഴേക്ക് വരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.
സ്വര്‍ണം വാങ്ങാന്‍ എത്തുന്നവര്‍ കുറവാണ് എന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു. പഴയ സ്വര്‍ണം വില്‍ക്കുക, പഴയ സ്വര്‍ണം മാറ്റി വങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് മിക്കവരും വരുന്നതെന്ന് വ്യാപാരികളുടെ സംഘടനാ പ്രതിനിധികളും പറയുന്നു. ഇനിയും വില ഉയര്‍ന്നാല്‍ സ്വര്‍ണ വില്‍പ്പന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ പ്രതിസന്ധിയിലാകും.
കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10585 രൂപയാണ് നല്‍കേണ്ടത്. പവന് 84680 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8245 രൂപയും പവന് 65960 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് ഗ്രാമിന് 5315 രൂപയും പവന് 42520 രൂപയുമാണ് നല്‍കേണ്ടത്. വെള്ളിയുടെ വില ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 260 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാമിന് 2600 രൂപയും.
സ്വര്‍ണവില ഉയരാന്‍ കാരണം ഇതാണ്
അമേരിക്കന്‍ ഡോളര്‍ സൂചിക അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. 99.14 എന്ന നിരക്കിലാണ് സൂചിക. അതേസമയം, രൂപയുടെ മൂല്യം 90.27 ആയി ഇടിഞ്ഞു. രൂപയുടെ മൂല്യം ഇത്രയും ഇടിയുന്നതും സ്വര്‍ണവില വര്‍ധിപ്പിക്കും. കാരണം ഇറക്കുമതി ചെലവ് കൂടും. ആഗോള വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ മൂല്യം എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുക.


