നിത്യോപയോഗ സാധനങ്ങളുടെ വിപണി വില നിര്‍ണയിക്കാനാവുന്ന ശക്തിയായി സപ്ലൈകോ മാറി: മന്ത്രി ജി.ആര്‍ അനില്‍

പയ്യമ്പള്ളി:വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തി നിത്യോപയോഗ സാധനങ്ങളുടെ വില നിര്‍ണയിക്കാന്‍ കഴിയുന്ന ശക്തിയായി സപ്ലൈകോ മാറിയെന്ന് ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. മാനന്തവാടി പയ്യമ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ച മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദുര്‍ബലരെയും സാധാരണക്കാരെയും വിലക്കയറ്റത്തില്‍ നിന്ന് പരിരക്ഷിക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ സപ്ലൈകോ, സിവില്‍ സപ്ലൈസ് വകുപ്പ് മുഖേന നടപ്പാക്കുന്നത്. സംസ്ഥാനത്ത് 50 ലക്ഷത്തോളം കുടുംബങ്ങളാണ് സപ്ലൈകോ സ്റ്റോറുകളില്‍ നിന്നും എല്ലാ മാസവും സാധനങ്ങള്‍ വാങ്ങുന്നത്.

ഇക്കഴിഞ്ഞ ഓണക്കാലത്തും ഉത്സവസമയങ്ങളിലും നിത്യോപയോഗ സാധനങ്ങളുടെ വില അമിതമായി വര്‍ദ്ധിക്കുന്ന പ്രവണതയ്ക്ക് തടയിടാന്‍ സപ്ലൈകോയുടെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെയും ഇടപെടലിലൂടെ സാധിച്ചു. വില്‍പന കൂടുംതോറും നഷ്ടം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും കോടിക്കണക്കിന് രൂപയുടെ സബ്‌സിഡി നല്‍കിയാണ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. 2025 ഡിസംബറില്‍ 300 കോടിയുടെ വില്‍പനയാണ് സപ്ലൈകോ സ്റ്റോറുകളിലൂടെ നടന്നത്. ഓണക്കാലത്ത് 384 കോടി രൂപയുടെയും ക്രിസ്മസിന് 10 ദിവസം കൊണ്ടുമാത്രം 72 കോടി രൂപയുടെയും വില്‍പന നടന്നു. സംസ്ഥാനത്തുടനീളം 1700 ല്‍ അധികം വില്‍പന കേന്ദ്രങ്ങളിലൂടെ സാധാരണക്കാര്‍ക്ക് കൈത്താങ്ങായി സപ്ലൈകോ മാറിയെന്നും മന്ത്രി പറഞ്ഞു. പരാതികള്‍ക്ക് ഇടനല്‍കാതെയുള്ള വിപണി ഇടപെടലാണ് സപ്ലൈകോ നടത്തിയതെന്നും റേഷന്‍ കടകളുടെയും മാവേലി സ്റ്റോറുകളുടെയും അവസ്ഥയില്‍ വലിയ മാറ്റമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച് പട്ടികജാതി – പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു.

 

മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ആദ്യവില്‍പന നടത്തി. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി ജോര്‍ജ്, കൗണ്‍സിലര്‍മാരായ കൗസല്യ അച്ചപ്പന്‍, ഷിബു കെ ജോര്‍ജ്, ലിസ്സി ജോസ്, മഞ്ജുള അശോകന്‍, സപ്ലൈകോ റീജണല്‍ മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ജില്ലാ സപ്ലൈ ഓഫീസര്‍ ജെയിംസ് പീറ്റര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ.ജെ ബാബു, സണ്ണി ജോര്‍ജ്, ശോഭ രാജന്‍, ജോണി വാഴപ്ലാംകൂടി, ജിതേഷ് കുര്യാക്കോസ്, വില്‍ഫ്രഡ് ജോസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *