കാക്കനാട്: അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. അത്താണി എളവക്കാട്ട് അബ്ദുള്‍ അസീസിന്റെ വീട്ടിലാണ് വീട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. വൈകിട്ട് ട്യൂഷൻ കഴിഞ്ഞ് കുട്ടി മേശക്ക് താഴെ വെച്ച ബാഗിൽ, ഇന്നലെ രാവിലെ വീട്ടുജോലിക്കാരി വൃത്തിയാക്കുന്നതിനിടെയാണ് അസാധാരണമായ ഭാരം അനുഭവപ്പെട്ടത്. തുടർന്ന് തുറന്നു പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ പാമ്പിനെ കണ്ടത്. ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ ബാഗ് മുറ്റത്തേക്ക് എറിയുകയും ചാക്കിട്ട് മൂടുകയും ചെയ്തു.
തുടർന്ന് വനം വകുപ്പിന്റെ സർപ്പ റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു. എളമക്കര സ്വദേശി റിൻഷാദ് എത്തിയാണ് പാമ്പിനെ പിടികൂടിയത്. അന്തരീക്ഷം ചൂടായപ്പോൾ തണുപ്പ് തേടി പാമ്പ് ബാഗിൽ കയറിയതാകാം എന്നാണ് നിഗമനം.എല്ലാവരും ജാഗ്രത പാലിക്കുക. കുട്ടികളുടെ ബാഗുകളും ഷൂസുകളും ഉപയോഗിക്കുന്നതിന് മുൻപ് പരിശോധിക്കുക.


