വളാഞ്ചേരി: ദേശീയപാതയിലെ അപകടമേഖലയായ വട്ടപ്പാറ പാലത്തിന് മുകളിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ 15 വയസ്സുകാരൻ മരിച്ചു. കർണാടക സ്വദേശിയായ ലക്ഷ്മിശ് ആണ് മരിച്ചത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് പിന്നിൽ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.
ശബരിമല ദർശനം കഴിഞ്ഞ് കർണാടകയിലേക്ക് മടങ്ങുകയായിരുന്ന സംഘം, ക്ഷീണം കാരണം വയഡക്റ്റ് പാലത്തിന് മുകളിൽ കാർ നിർത്തി വിശ്രമിക്കുക ആയിരുന്നു. ഈ സമയം അതേ ദിശയിൽ വന്ന കർണാടക രജിസ്ട്രേഷനുള്ള ലോറി നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിശിനെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വളാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു..


