വഡോദര: ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് വിജയം. വഡോദരയിൽ നടന്ന മത്സരത്തിൽ കിവീസിനെ നാല് വിക്കറ്റുകൾക്കാണ് ഇന്ത്യ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവികൾ 50 ഓവറിൽ 300 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആറ് വിക്കറ്റുകളും ഒരു ഓവറും ബാക്കി നിൽക്കെ മറികടന്നു.

വിരാട് കോഹ്ലിയുടെയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്ററിയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. കോഹ്ലി 91 പന്തിൽ 93 റൺസ് നേടിയാണ് തിളങ്ങിയത്. എട്ട് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഗിൽ 71 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടക്കം 56 റൺസ് ആണ് നേടിയത്. ശ്രേയസ് അയ്യർ 49 റൺസും നേടി വിജത്തിൽ നിർണായകമായി. കെഎൽ രാഹുൽ, ഹർഷിത് റാണ എന്നിവർ 29 റൺസും നേടി.
ന്യൂസിലാൻഡ് ബൗളിങ്ങിൽ കൈൽ ജാമിസൺ നാല് വിക്കറ്റുകൾ സ്വന്തമാക്കി. ക്രിസ് ക്ലാർക്ക്, ആദിത്യ അശോക് എന്നിവർ ഓരോ വിക്കറ്റും നേടി.അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ് ന്യൂസിലാൻഡിനായി ഡെവോൺ കോൺവെ, ഹെൻറി നിക്കോൾസ്, ഡാറിൽ മിച്ചൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 71 പന്തിൽ അഞ്ചു ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം 84 റൺസാണ് മിച്ചൽ നേടിയത്.

നിക്കോൾസ് 69 പന്തിൽ 62 റൺസാണ് നേടിയത്. എട്ട് ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. കോൺവെ 67 പന്തിൽ ആറ് ഫോറുകളും ഒരു സിക്സും അടക്കം 56 റൺസും നേടി.ഇന്ത്യൻ ബൗളിങ്ങിൽ ഹർഷിത് റാണ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുൽദീപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താനും ഗില്ലിനും സംഘത്തിനും സാധിച്ചു. ജനുവരി 14നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. രാജ്കോട്ടാണ് വേദി.


