ന്യൂഡൽഹി:ഇറാനിലെ സംഘർഷത്തിൽ യാത്രക്കാർക്ക് മാർഗനിർദേശവുമായി എയർ ഇന്ത്യ. ഇറാനിൽ വ്യോമ അതിർത്തികൾ അടച്ച സാഹചര്യത്തിൽ ബദൽ റൂട്ടുകൾ കണ്ടെത്തി വിമാന സർവീസുകൾ തുടരുന്നു. ഇത് വിമാനം വൈകുന്നതിന് കാരണമാകുന്നു. വ്യോമ പാത മാറ്റാൻ കഴിയാത്ത വിമാന സർവീസുകൾ റദ്ദാക്കുന്നതായും എയർ ഇന്ത്യ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് നോക്കണം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
അതേസമയം ഇറാൻ വ്യോമമേഖല അടച്ചു. ഇറാനിൽ നിന്നും പുറത്തേക്കും അകത്തേക്കുമുള്ള അന്താരാഷ്ട്ര വിമാനങ്ങളൊഴികെയുള്ള മറ്റെല്ലാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി. ഇറാനെതിരെ അമേരിക്കൻ ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധിക്കാൻ രാജ്യം തയാറാണെന്ന് പ്രതിരോധമന്ത്രി അസീസ് നസീർസാദെ പറഞ്ഞു.
അതിനിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ഇറാനിയൻ വിദേശകാര്യ മന്ത്രി ഫോണിൽ സംസാരിച്ചു. ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘച്ചിയാണ് എസ്. ജയശങ്കർ വിളിച്ചത്. ഇറാനിലെ നിലവിലെ സാഹചര്യങ്ങളെപ്പറ്റി ചർച്ച ചെയ്തുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം 19-ാം ദിവസത്തിലേക്ക് കടക്കുമ്പോൽ ഇന്റർനെറ്റ് വിലക്ക് എട്ടാം ദിവസവും തുടരുകയാണ്. പ്രക്ഷോഭങ്ങളിൽ ഇതുവരെ 3428 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ 12,000ത്തോളം പേർ കൊല്ലപ്പെട്ടതായാണ് ലണ്ടൻ ആസ്ഥാനമായ പേർഷ്യൻ വാർത്താചാനലായ ഇറാൻ ഇന്റർനാഷണൽ പറയുന്നത്.


