ചിറ്റൂർ: യുവാവിനെ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് ബന്ധു കുത്തിക്കൊലപ്പെടുത്തി. പൊൽപ്പുള്ളി അമ്പലപ്പറമ്പ് സ്വദേശി ശരത് (35) ആണ് മരിച്ചത്. സംഭവത്തിൽ ശരത്തിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് പൊൽപ്പുള്ളി വടക്കംപാടം വേർകോലി സ്വദേശി പ്രമോദ് കുമാറിനെ (41) ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്‌ച വൈകീട്ട് ആറുമണിയോടെ പൊൽപ്പുള്ളി കെവിഎംയുപി സ്കൂളിനു സമീപത്താണ് സംഭവം.
വർഷങ്ങളായി ഭാര്യ രാജിയുമായി അകന്നുകഴിയുകയായിരുന്നു പ്രമോദ് കുമാർ. രാജി അമ്പാട്ടുപാളയത്ത് വാടകയ്ക്ക് താമസിക്കുകയാണ്. പൊൽപുള്ളി കെവിഎംയുപി സ്‌കൂളിൽ പഠിക്കുന്ന മകനെ സ്പെഷ്യൽ ക്ലാസ് കഴിഞ്ഞതിനുശേഷം വീട്ടിലേക്ക് കൊണ്ടുവരാൻ രാജി ശരത്തിനോട് ആവശ്യപ്പെടുകയായിരുന്നു. രാജിയോടൊപ്പമാണ് മകൻ താമസിക്കുന്നത്. ശരത് കുട്ടിയുമായി സ്കൂളിൽനിന്ന് മടങ്ങുന്ന സമയത്ത് സ്കൂളിൽ കെട്ടിടനിർമ്മാണജോലി ചെയ്യുകയായിരുന്ന പ്രമോദ് ഇതു ചോദ്യം ചെയ്യുകയും തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. വാക്കുതർക്കത്തിനിടെ കൈയിലുണ്ടായിരുന്ന ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് ശരത്തിന്റെ കഴുത്തിൽ പ്രമോദ് ആഞ്ഞു കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


