ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്‌ക്കെടുത്ത് 240 കോടിയുടെ തട്ടിപ്പ്; 22കാരനും അമ്മയും അറസ്റ്റില്‍

ബംഗളൂരു:വൻകിട സൈബർ തട്ടിപ്പ് ശൃംഖലയെ തകർത്ത് ബംഗളൂരു പൊലീസ്. സാധാരണക്കാരുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ച്‌ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ച സംഭവത്തില്‍ 22കാരനായ മുഹമ്മദ് ഉസൈഫ്, മാതാവ് ഷബാന അബ്ദുല്‍ ബാരി എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇവരോടൊപ്പം ഉത്തരേന്ത്യക്കാരായ ഒൻപത് പേരും പിടിയിലായിട്ടുണ്ട്.

 

സർക്കാർ ആശുപത്രികളിലെ ലേബർ വാർഡുകള്‍, കേളേജുകള്‍ എന്നിവിടങ്ങളില്‍ എത്തി സാധാരണക്കാരെയും വിദ്യാർത്ഥികളെയും സ്വാധീനിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. 2,000 മുതല്‍ 5,000 രൂപ വരെ കമ്മീഷൻ വാഗ്ദാനം ചെയ്ത് ഇവരുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറപ്പിക്കും. തുടർന്ന് അക്കൗണ്ട് ഉടമകളുടെ പാസ്ബുക്ക്, ഡെബിറ്റ് കാർഡ്, ചെക്ക് ബുക്ക്, സിം കാർഡ് എന്നിവ പ്രതികള്‍ കൈക്കലാക്കും. ഇതുവഴിയാണ് സൈബർ തട്ടിപ്പിലൂടെ ലഭിച്ചിരുന്ന പണം കൈമാറ്റം ചെയ്തിരുന്നത്.

 

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹമ്മദ് ഉസൈഫാണ് തട്ടിപ്പ് സംഘത്തിന്റെ പ്രധാന ഏജന്റ്. 4,200 ഓളം അക്കൗണ്ടുകളാണ് ഇയാള്‍ നിയന്ത്രിച്ചിരുന്നത്. വർഷംതോറും 25 ലക്ഷം രൂപയിലധികമാണ് ഇയാള്‍ക്ക് പ്രതിഫലമായി ലഭിച്ചിരുന്നത്. മകനെ അക്കൗണ്ടുകള്‍ കണ്ടെത്താനും അവ നിയന്ത്രിക്കാനും സഹായിച്ചിരുന്നത് അമ്മയായ ഷബാനയായിരുന്നു.

2013ലെ ഐപിഎല്‍ ഒത്തുകളി കേസിലെ പ്രതിയും ദുബായ് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന വാതുവയ്‌പ്പുകാരൻ പ്രേം തനേജയാണ് സംഘത്തിന്റെ ബുദ്ധികേന്ദ്രം. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

 

അന്വേഷണത്തില്‍ ഏകദേശം 9,000 അക്കൗണ്ടുകള്‍ വഴിയായി 240 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായി പൊലീസ് കണ്ടെത്തി. നിലവില്‍ ഈ തുകയെല്ലാം മരവിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട 864 സൈബർ ക്രൈം കേസുകളുമായി സംഘത്തിന് ബന്ധമുണ്ടെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു. 242 ഡെബിറ്റ് കാർഡുകള്‍, 58 മൊബൈല്‍ ഫോണുകള്‍, 531 ഗ്രാം സ്വർണാഭരണങ്ങള്‍, 4.9 ലക്ഷം രൂപ ക്യാഷ്, 33 ചെക്ക് ബുക്കുകള്‍, 21 പാസ്ബുക്കുകള്‍, ക്രിപ്‌റ്റോ കറൻസി ഇടപാടുകളുടെ രേഖകള്‍ എന്നിങ്ങനെ പ്രതികളില്‍ നിന്ന് വൻതോതിലുള്ള തൊണ്ടിമുതലുകളാണ് പൊലീസ് പിടിച്ചെടുത്തത്.

 

ഡല്‍ഹിയില്‍ നിന്ന് പിടിയിലായ ഒൻപത് പ്രതികള്‍ അക്കൗണ്ടുകളില്‍ നിന്ന് പണം പിൻവലിക്കാനും ഡെബിറ്റ് കാർഡുകള്‍ വിദേശത്തേക്ക് കടത്താനും സഹായിച്ചവരാണ്. ദുബായിലുള്ള പ്രധാന പ്രതി പ്രേം തനേജയെ നിയമപരമായ മാർഗങ്ങളിലൂടെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. കെവൈസി മാനദണ്ഡങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഇത്രയധികം അക്കൗണ്ടുകള്‍ ഇവർ കൈക്കലാക്കിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *