ഇന്ത്യയിലെ ആദ്യ വനിതാ ഓഫ്-റോഡ് ഇവന്റിന് വയനാട് വേദിയാകുന്നു

മാനന്തവാടി:കേരള ടൂറിസം വകുപ്പ്, വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ, ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ ഇന്ത്യയിലെ ആദ്യ വനിതാ ഓഫ്-റോഡ് ഇവന്റായ ഹെർ ട്രെയിൽസ് ഒരുക്കുന്നു. വനിതകളുടെ ശക്തിയും സാഹസികതയും ഒരുമിക്കുന്ന അപൂർവ സംരംഭത്തിന് വേദിയാകുകയാണ് ജില്ല. ജനുവരി 18 ന് മാനന്തവാടി പാരിസൺ ടീ എസ്റ്റേറ്റിൽ നടത്തുന്ന ഓഫ്-റോഡ് ചലഞ്ച്, പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഫ്ലാഗ് ഓഫ് ചെയ്യും. സാഹസികതയെ സാമൂഹിക- പരിസ്ഥിതി സംരക്ഷണവുമായി കൂട്ടിച്ചേർത്ത് സ്ത്രീ സൗഹൃദ ടൂറിസ സാധ്യതകൾക്ക് വയനാട് വഴിതുറക്കുകയാണ്.

ജനുവരി 17, 18 തിയതികളിലായി നടക്കുന്ന ഹെർ ട്രെയിൽസിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി സപ്ത റിസോർട്ടിൽ വനിത കോൺക്ലേവ് സംഘടിപ്പിക്കും. ദേശീയ, അന്തർ ദേശീയ തലത്തിൽ വിവിധ മേഖലകളിൽ ശ്രദ്ധ നേടിയ പ്രമുഖ വനിതകൾ പങ്കെടുക്കുന്ന കോൺക്ലേവിൽ, വനിതാ സാഹസികർ, പ്രഭാഷകർ ജീവിതാനുഭവങ്ങളും പ്രചോദനാത്മക യാത്രകളും പങ്കുവെക്കും. എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത സഫ്രീന ലത്തീഫ്, വൈൽഡ് ലൈഫ് ആൻഡ് ബേർഡ് ഫോട്ടോഗ്രാഫർ ജെയ്‌നി മരിയ കുര്യാക്കോസ്, എഴുത്തുകാരിയും സാംസ്കാരിക പര്യവേക്ഷകയുമായ ഡോ. മിത്ര സതീഷ്, ദസ്താൻ-ഇ-കർവാൻ, പ്രോജക്ട് പോള എന്നിവയുടെ സ്ഥാപകയായ അദിബ ജഹാൻ, സ്ത്രീ യാത്രികരായ അഞ്ജലി തോമസ്, അമൃത ജയചന്ദ്രൻ എന്നിവർ സംസാരിക്കും.

 

മുപ്പതിലധികം വനിതകൾ ഓഫ്-റോഡ് ചലഞ്ചിൽ പങ്കെടുക്കും. സുരക്ഷിത വയനാട്, സുസ്ഥിര വയനാട്, സ്ത്രീ സൗഹൃദ വയനാട് എന്നതാണ് പരിപാടിയുടെ ആപ്തവാക്യം. റെയിൻ ഫോറസ്റ്റ് ചലഞ്ച് (ആർ‌എഫ്‌സി) ചാമ്പ്യൻ സ്മിത പ്രസാദ്, ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണി, ഓഫ് റോഡ് റൈഡർ നിമിഷ മഞ്ഞൂരാൻ, കാർ റേസിങ്, ഓഫ്റോഡ്, ക്രിക്കറ്റ്, കണ്ടന്റ് ക്രിയേഷൻ, മോഡലിങ്, ടൂറിസം തുടങ്ങി മേഖലകളിൽ പ്രവീണ്യം തെളിയിച്ച ഹെന്ന ജയാനന്ദ് തുടങ്ങിയവർ ചാലഞ്ചിൽ പങ്കെടുക്കും. പരിപാടികൾ ഹരിത മാനദണങ്ങൾ പാലിച്ച് സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

സ്ത്രീകളുടെ കഴിവ്, ധൈര്യം, നേതൃപാടവം ആഘോഷമാക്കുന്ന ഹെർ ട്രെയിൽസ് ഉത്തരവാദിത്ത ടൂറിസത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും മാതൃകയാണ്. ഉത്തരവാദിത്ത ടൂറിസം രീതികൾ പ്രോത്സാഹിപ്പിച്ച് പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്ന സംരംഭം സ്ത്രീകളുടെ സാഹസികതയ്ക്ക് പിന്തുണയും ജില്ലയിലെ ടൂറിസം മേഖലയുടെ വളർച്ചയും ലക്ഷ്യമിടുന്നുണ്ട്. വനിതാ കോൺക്ലേവ് പദ്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണൻ, കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സി.ഇ.ഒ രൂപേഷ് കുമാർ, കേരള അഡ്വഞ്ചർ ടൂറിസം പ്രതിനിധി ബിനു കുര്യാക്കോസ്, വയനാട് എക്കോ ടൂറിസം അസോസിയേഷൻ പ്രതിനിധികളായ ഗോപവർമ്മ, താജുദീൻ, എബിറ്റൊ സാജ്, സംവിധായകയും എഴുത്തുകാരിയുമായ രഞ്ജിനി മേനോൻ എന്നിവർ പങ്കെടുക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *