രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു.

ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ മകൻ കളിക്കുന്നതിനിടെ കളിപ്പാട്ടത്തിലെ ബാറ്ററികൾ വായിലിട്ടതാണ് അപകടത്തിന് കാരണമെന്ന് വീട്ടുകാർ അറിയിച്ചു. ബാറ്ററികൾ വിഴുങ്ങുന്നത് നേരിൽ കണ്ടതോടെ വീട്ടുകാർ വൈകാതെ ഇടപെട്ട് കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണ നടത്തിയ എൻഡോസ്കോപ്പി നടപടിയിലൂടെയാണ് ബാറ്ററികൾ സുരക്ഷിതമായി പുറത്തെടുത്തത്. വയറ്റിലെ ശക്തമായ അസിഡിക് പ്രവർത്തനത്തിന്റെ ഫലമായി ബാറ്ററികൾ പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും, അങ്ങനെ സംഭവിച്ചാൽ ബാറ്ററിയിൽ നിന്നു പുറന്തള്ളപ്പെടുന്ന രാസവസ്തുക്കൾ കുടൽ, കരൾ തുടങ്ങിയ പ്രധാന അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം ഉണ്ടാക്കുമെന്നും ഡോക്ടർ വ്യക്തമാക്കി. അത്തരമൊരു സാഹചര്യത്തിൽ എൻഡോസ്കോപ്പിയിലൂടെ ബാറ്ററികൾ പുറത്തെടുക്കാൻ സാധിക്കാതെ പോയാൽ അത് കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായേക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.സമയബന്ധിതമായ ചികിത്സ ലഭിച്ചതിനാലാണ് വലിയ അപകടം ഒഴിവാക്കാൻ സാധിച്ചതെന്നും, നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി കുട്ടികൾക്ക് അവരുടെ പ്രായത്തിന് അനുയോജ്യമായ കളിപ്പാട്ടങ്ങൾ മാത്രം നൽകണമെന്നും, കളിക്കുന്ന സമയങ്ങളിൽ കുട്ടികൾ എപ്പോഴും മുതിർന്നവരുടെ കർശന മേൽനോട്ടത്തിൽ ആയിരിക്കണമെന്നും ഡോക്ടർമാർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഉദര – കരൾ രോഗവിഭാഗത്തിലെ ഡോ. അഖിൽ, ഡോ. അഞ്ജന എന്നിവരും ഈ ചികിത്സാ നടപടിയ്ക്ക് പിന്തുണ നൽകി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *