മുട്ടിൽ:ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മുട്ടിൽ കോപ്പർ കിച്ചനിൽ നടന്ന പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഹനീഫ ഉദ്ഘാടനം ചെയ്തു. സംരംഭകരുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, വായ്പ ലഭ്യത വർദ്ധിപ്പിക്കുക, ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് എം.എസ്.എം.ഇകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. കേന്ദ്ര സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആൻഡ് ആക്സലേറ്റിങ് എം.എസ്. എം.ഇ പെർഫോർമൻസ് (റാമ്പ്) പദ്ധതിയുടെ ഭാഗമായാണ് ബാങ്കേഴ്സ് മീറ്റ് നടത്തിയത്. നിലവിൽ ഉദ്യം രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ പങ്കാളിത്തത്തിന് പുറമെ പുതിയ സംരംഭങ്ങൾക്കുള്ള ഉദ്യം, കെ-സ്വിഫ്റ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യവും പരിപാടിയിൽ ഒരുക്കിയിരുന്നു. പരിപാടിയിൽ അറുപതിലധികം സംരംഭകർ പങ്കെടുത്തു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എ ജിഷ അധ്യക്ഷയായ പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അശ്വിൻ പി കുമാർ, മാനേജർ പി. എസ് കലാവതി, ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി.എം മുരളീധരൻ, ജില്ലാ വ്യവസായ കേന്ദ്രം എ.ഡി.ഐ. ഒ മുഹമ്മദ് നയീം എന്നിവർ പങ്കെടുത്തു.


