മലപ്പുറം: മലപ്പുറം തൊടിയപ്പുലത്ത് 14 വയസ്സുകാരിയെ പ്രതിയായ പതിനാറുകാരൻ കൊലപ്പെടുത്തിയത് പ്രണയപ്പക കാരണമെന്ന് മൊഴി. ക്രൂരമായ മർദനത്തിനും ശ്വാസംമുട്ടലിനും ഇരയായായാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കി. പ്രതിയായ പതിനാറുകാരൻ പൊലിസിനോട് കുറ്റം സമ്മതിച്ചു. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയ ശേഷം കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.
കൊല്ലപ്പെട്ട ഒമ്പതാം ക്ലാസുകാരിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും പ്രതി മൊഴി നൽകി. എന്നാൽ തന്നെ ഒഴിവാക്കാൻ ശ്രമിച്ചതാണ് പെൺകുട്ടിയോട് വൈരാഗ്യത്തിന് തോന്നാൻ കാരണമെന്നും പ്ലസ് വൺ വിദ്യാർഥിയായ പ്രതി മൊഴി നൽകി. പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവും കൊലപാതകത്തിന് പ്രേരിപ്പിച്ചതായി പ്രതി പൊലിസിനോട് വെളിപ്പെടുത്തി.
പെൺകുട്ടിയെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചതാണ് മരണത്തിന് കാരണമായതെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ഇത് പ്രതിയുടെ മൊഴിയെ ശരിവെക്കുന്നതാണ്. സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വ്യാഴാഴ്ചയാണ് കാണാതായത്. വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ റെയിൽവേ പുറമ്പോക്ക് ഭൂമിയിലാണ് മൃതദേഹം കണ്ടെത്തിയത്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് മലപ്പുറം ജില്ലാ പൊലിസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പെരിന്തൽമണ്ണ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ, കൃത്യത്തിന് ആരെങ്കിലും സഹായിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു.
പോസ്റ്റുമോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം വൈകിട്ട് നാല് മണിയോടെ കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു. നാടിനെ നടുക്കിയ ദാരുണ സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.


