കേരള കുംഭമേളയ്ക്ക് ഇന്ന് തുടക്കം; രാവിലെ മുതൽ നിളയിൽ സ്നാനം തുടങ്ങും

മലപ്പുറം: കേരള കുംഭമേള മഹാമാഘ മഹോത്സവത്തിന് തിരുനാവായ നിളാ തീരത്ത് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 11 മണിയോടെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയുയര്‍ത്തുന്നതോടെയാണ് മഹാമാഘ മഹോത്സവത്തിനു തുടക്കമാകുക. ഇതിനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയില്‍നിന്ന് ഇന്നലെ ഘോഷയാത്രയായി എത്തിച്ചു. മഹോത്സവത്തിന്റെ ഭാഗമായുള്ള സ്നാനം ഇന്ന് രാവിലെ മുതൽ ആരംഭിക്കും.

 

വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാര്‍ നിളാ സ്‌നാനത്തിനായി തിരുനാവായയില്‍ എത്തിച്ചേരും. ഫെബ്രുവരി മൂന്നു വരെയാണ് മഹാമാഘ ഉത്സവം എന്ന പേരില്‍ കുംഭമേള നടക്കുന്നത്. തമിഴ്‌നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍ നിന്ന് ശ്രീചക്രവുമായുള്ള രഥയാത്രയും ഇന്ന് തിരുനാവായയിലേക്കു പുറപ്പെടും.

 

ഇന്നലെ മൗനി അമാവാസി ദിനത്തില്‍ തിരുനാവായയില്‍ കാലചക്രം ബലി പൂജ നടന്നു. ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കരാണ് നേതൃത്വം നല്‍കിയത്. നൂറിലേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിളാ തീരത്ത് ഈ പൂജ നടന്നത്. ഇന്നലെ രാവിലെ ആറ് മുതല്‍ ശ്മശാന ശ്രാദ്ധം എന്ന പിതൃകര്‍മവും നടന്നു. ഐവര്‍മഠത്തിലെ ആചാര്യന്‍ കോരപ്പത്ത് രമേശാണ് നേതൃത്വം നല്‍കിയത്.

 

കഴിഞ്ഞ ദിവസം തിരുനാവായയില്‍ വേദശ്രാദ്ധ കര്‍മം നടന്നിരുന്നു. ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാട് ആചാര്യനായി. കൂശ്മാണ്ഡി ഹോമവും നടത്തി. യജുര്‍വേദ മന്ത്രങ്ങളോടെയാണ് കൂശ്മാണ്ഡി ഹോമം നടത്തിയത്. ശബരിമല മുന്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി നേതൃത്വം നല്‍കി. ഇന്ന് മുതല്‍ നവകോടി നാരായണ ജപാര്‍ച്ചന തുടങ്ങും. ക്ഷേത്രങ്ങളില്‍ നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികള്‍ക്കു മാഘ വൃക്ഷവും അശ്വത്ഥ വൃക്ഷത്തൈയും പ്രസാദമായി നല്‍കും. വിവിധ പരമ്പരകളുടെ പ്രത്യേക അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വല്‍ സദസുകളും കളരി യോഗ അനുഷ്ഠാനങ്ങളും കലാവതരണങ്ങളും മേളയുടെ ഭാഗമായി നടക്കും.ഇന്ന് മാഘപ്രതിപദത്തിലും 22ന് ഗണേശ ജയന്തിക്കും 23ന് വസന്ത പഞ്ചമിക്കും 25ന് രഥ സപ്തമിക്കും 26ന് ഭീഷ്മാഷ്ടമിക്കും 27ന് മഹാനന്ദാനവമിക്കും 28ന് ഗുപ്തവിജയദശമിക്കും 29ന് ജയ ഏകാദശിക്കും ഫെബ്രുവരി ഒന്നിന് തൈപ്പൂയത്തിനും മൂന്നിന് മകത്തിനും പ്രത്യേക പൂജകള്‍ നടക്കും.

 

സുരക്ഷാ സംവിധാനങ്ങൾ

 

കേരള കുംഭമേളയ്ക്കു റവന്യു വകുപ്പും പൊലീസും ചേര്‍ന്ന് വന്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ 9 തഹസില്‍ദാര്‍മാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായി ഇവിടേക്ക് നിയമിച്ചു. 300 പൊലീസ് സേനാംഗങ്ങള്‍ ഇവിടെയെത്തും. 150 പേര്‍ വീതമടങ്ങുന്ന 2 ബാച്ചുകളായി തിരിഞ്ഞാണ് ഇവരുടെ സുരക്ഷാസേവനം. തിരക്കു കൂടുന്ന ദിവസം കൂടുതല്‍ സേനാംഗങ്ങളെ എത്തിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *