തിരുവനന്തപുരം:യുവതയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിക്ക്’ തുടക്കമായി.മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. 5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ/ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് (18 നും 30 നും ഇടയിൽ പ്രായമുള്ളവർ) അപേക്ഷിക്കാംഇ-എംപ്ലോയ്‌മെന്റ് പോർട്ടൽ (eemployment.kerala.gov.in) വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്
കേരളത്തിലെ യുവജനങ്ങളെ തൊഴിൽസജ്ജരാക്കാനും അവരെ ഉൽപ്പാദന മേഖലയുടെ ഭാഗമാക്കാനും ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിക്ക്’ തലസ്ഥാനത്ത് തുടക്കം കുറിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിലോ മത്സരപരീക്ഷാ തയ്യാറെടുപ്പിലോ ഏർപ്പെട്ടിരിക്കുന്ന യുവജനങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിമാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് സാമ്പത്തിക സഹായം നൽകുന്ന ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ തന്നെ 30,000-ത്തിലധികം അപേക്ഷകൾ ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി പഠനം പൂർത്തിയാക്കിയ 18 നും 30 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ/ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അപേക്ഷിക്കാം
തൊഴിലും നൈപുണ്യവും വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ., എ. എ. റഹീം എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, കൗൺസിലർ കെ. ആർ. ക്ലീറ്റസ്, എംപ്ലോയ്മെന്റ് ഡയറക്ടർ സുഫിയാൻ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
ഇ-എംപ്ലോയ്‌മെന്റ് പോർട്ടൽ (eemployment.kerala.gov.in) വഴി ഓൺലൈനായാണ് ‘കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാവുന്നതാണ്


