തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരന്റെ മരണം കൊലപാതകം. കുഞ്ഞിന്റെ അച്ഛൻ കവളാകുളം ഐക്കരവിള വീട്ടിൽ ഷിജിൽ പോലീസിനോട് കുറ്റം സമ്മതിച്ചു. കൈമുട്ടുകൊണ്ട് കുഞ്ഞിന്റെ വയറ്റിൽ ഇടിച്ചതായി ഇയാൾ പോലീസിന് മൊഴിനൽകി. കാഞ്ഞിരംകുളം തവ്വാവിള ഷിജിൽ ഭവനിൽ താമസിക്കുന്ന ഷിജിൽ-കൃഷ്ണപ്രിയ ദമ്പതിമാരുടെ ഒരു വയസുള്ള മകൻ ഇഹാനാണ് 16-ാം തീയതി കുഴഞ്ഞുവീണ് മരിച്ചത്. ഷിജിൻ നൽകിയ ബിസ്‌കറ്റ് കഴിച്ചശേഷം കുഞ്ഞ് മരിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ, കുഞ്ഞിന്റെ മരണത്തിൽ വ്യക്തതവരുത്താൻ പോലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ വയറ്റിൽ ചതവ് കണ്ടിരുന്നു. ഇതേത്തുടർന്നാണ് പോലീസ് പിതാവ് ഷിജിലിനെ വീണ്ടും വിശദമായി ചോദ്യം ചെയ്തതും ഷിജിൽ കുറ്റം സമ്മതിച്ചതും.
കുഞ്ഞിന്റെ രാത്രിയുള്ള കരച്ചിൽ അസ്വസ്ഥപ്പെടുത്തിയിരുന്നുവെന്നാണ് ഷിജിലിന്റെ മൊഴി. കൈമുട്ടുകൊണ്ട് കുഞ്ഞിന്റെ വയറ്റിൽ ഇടിക്കുകയായിരുന്നുവെന്നും ഷിജിൽ സമ്മതിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയ ആന്തരിക രക്തസ്രാവം പിതാവിന്റെ കൈമുട്ടുകൊണ്ടേറ്റ ക്ഷതത്തെ തുടർന്നുണ്ടായതാണെന്ന് ഇതോടെ വ്യക്തമായികുഞ്ഞിന്റെ വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതോടെ പോലീസ് കുഞ്ഞിന്റെ മാതാപിതാക്കളെ രണ്ടുതവണ ചോദ്യംചെയ്തിരുന്നു. കുഞ്ഞിന്റെ മരണം സാധാരണ നിലയിലുള്ളതല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കുഞ്ഞിന്റെ വയറ്റിൽ ആന്തരികമായി ക്ഷതമേറ്റിരുന്നു. ഈ ക്ഷതത്തെത്തുടർന്നുണ്ടായ രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോർട്ട്. ഇഹാന്റെ കയ്യിൽ മൂന്നാഴ്ചയോളം പഴക്കമുള്ള ഒരു പൊട്ടൽ ഉള്ളതായും കണ്ടെത്തിയിരുന്നു. എന്നാൽ, ഇങ്ങനെയൊരു പരിക്കിനെക്കുറിച്ച് തങ്ങൾ അറിഞ്ഞില്ലെന്നാണ് മാതാപിതാക്കൾ പോലീസിന് നൽകിയ മൊഴി.
ഷിജിലും കൃഷ്ണപ്രിയയും മൂന്നു മാസത്തിലേറെയായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ബന്ധുക്കൾ ഇടപെട്ടതിനെത്തുടർന്നാണ് ഇവർ വീണ്ടും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. കുഞ്ഞ് ജനിക്കുമ്പോൾ ഷിജിൽ ഒപ്പമില്ലായിരുന്നു. പിന്നീട് കുഞ്ഞിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ഇരുവരും വീണ്ടും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയത്. അതിനിടയിലാണ് അച്ഛന്റെ ഈ ക്രൂരകൃത്യം.


