യുവജനങ്ങള്‍ക്ക് ആഗോള തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജർമ്മനിയിലെ ഡ്യൂവല്‍ വൊക്കേഷണല്‍ ട്രെയിനിംഗിനായി 500 വിദ്യാർത്ഥികളെ അയക്കുമെന്ന് സംസ്ഥാന സർക്കാർ. ഇവർക്ക് 1.30 ലക്ഷം രൂപ വരെ സ്‌റ്റൈപ്പൻഡ് ലഭിക്കും. ഇതിനായി ആദ്യ ഇൻഡോ-ജർമ്മൻ ട്രെയിനിംഗ് ഫെയർ ഫെബ്രുവരി നാലാം വാരം സംഘടിപ്പിക്കും. ജർമ്മനിയിലെ ഹെസ്സൻ സംസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രം മാർച്ച് രണ്ടാം വാരത്തില്‍ ഒപ്പുവെക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സംസ്ഥാന തൊഴില്‍വകുപ്പിന്റെ കീഴിലുള്ള കേരള അക്കാദമി ഫോർ സ്കില്‍സ് എക്സലൻസ് (കെഎഎസ്‌ഇ) വഴിയാണ് ഈ പദ്ധതി നടപ്പാക്കുക.ലോജിസ്റ്റിക്, ഐടി, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ്, ഗാർഡനിങ്, കൃഷി, പ്ലംബിങ്, ഭക്ഷ്യ സംസ്കരണം തുടങ്ങി മുന്നൂറോളം തൊഴില്‍ മേഖലകളിലാണ് പരിശീലനം. 28 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.
ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കാൻ കൊട്ടാരക്കരയില്‍ ഇന്നോവേഷൻ ആൻഡ് റിസർച്ച് പാർക്ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ട്രാൻസിറ്റ് ക്യാമ്പസ് ഫെബ്രുവരി രണ്ടാം വാരം എഴുകോണ്‍ പോളിടെക്‌നിക്കില്‍ പ്രവർത്തനം ആരംഭിക്കും. കൂടാതെ, ചാലയില്‍ 45 കോടി രൂപ ചെലവില്‍ നിർമ്മിക്കുന്ന സ്‌കില്‍ കോംപ്ലക്‌സിന്റെ നിർമ്മാണോദ്ഘാടനം മാർച്ച് മൂന്നാം വാരം നടക്കും. വ്യവസായ മേഖലയുടെ സഹായത്തോടെ 482 കോടി രൂപ ചെലവില്‍ ഐ.ടി.ഐ. കളെ നവീകരിക്കുന്ന പദ്ധതി മാർച്ച് മാസത്തില്‍ ആരംഭിക്കും. വർക്കല, പെരിങ്ങോം, കുറ്റിക്കോല്‍, മണിയൂർ ഐ.ടി.ഐ, കളുടെ പുതിയ കെട്ടിടങ്ങള്‍ ഫെബ്രുവരിയില്‍ നാടിന് സമർപ്പിക്കും.
തൊഴിലന്വേഷകർക്കായി കണ്ണൂരിലും തൃശ്ശൂർ തലപ്പള്ളിയിലും മോഡല്‍ കരിയർ സെന്ററുകള്‍ സജ്ജമായിക്കഴിഞ്ഞു. കരമന, ചേലക്കര എന്നിവിടങ്ങളില്‍ കരിയർ ഡെവലപ്പ്‌മെന്റ് സെന്ററുകള്‍ ഫെബ്രുവരിയിലും, കോഴിക്കോട് മോഡല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജനുവരി അവസാനവും പ്രവർത്തനം തുടങ്ങും. തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തില്‍ രജിസ്റ്റർ ചെയ്ത തൊഴിലാളികള്‍ക്ക് 5 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കും. ഇതില്‍ തൊഴിലാളി വിഹിതം 150 രൂപ മാത്രമാണ്. മോട്ടോർ തൊഴിലാളികള്‍ക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പ്രത്യേക വായ്പാ പദ്ധതി ഫെബ്രുവരിയില്‍ ആരംഭിക്കും. ആറ് ലക്ഷത്തോളം വരുന്ന ഫാക്ടറി തൊഴിലാളികള്‍ക്കായി 12 ഭാഷകളില്‍ പരാതി നല്‍കാവുന്ന മൊബൈല്‍ ആപ്പ് ഫെബ്രുവരി മൂന്നാം വാരം പുറത്തിറക്കും.
പൊതുവിദ്യാഭ്യാസ മേഖലയില്‍ റോബോട്ടിക്‌സ് പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി മുഴുവൻ ഹൈസ്‌കൂളുകളിലേക്കും ‘കൈറ്റ്’ വഴി ഫെബ്രുവരിയില്‍ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകള്‍ നല്‍കും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി-32 ഡെവലപ്‌മെന്റ് ബോർഡുകള്‍ ഉള്‍പ്പെടുന്ന ഈ കിറ്റുകള്‍ ഉപയോഗിച്ച് ഐ.ഒ.ടി അധിഷ്ഠിത ഉപകരണങ്ങള്‍ നിർമ്മിക്കാൻ വിദ്യാർത്ഥികള്‍ക്ക് സാധിക്കും. ഇത് കുട്ടികളില്‍ ബ്ലോക്ക് കോഡിങ്, പൈത്തണ്‍ പ്രോഗ്രാമിങ് എന്നിവയില്‍ നൈപുണ്യം വളർത്താൻ സഹായിക്കും. സ്‌കൂളുകളില്‍ ആരംഭിച്ച 210 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ (SDC) വഴി 420 ബാച്ചുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. 50 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.
കാസർഗോഡ് കമ്പല്ലൂർ ഗവണ്‍മെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയും കലാരംഗത്തെ പ്രതിഭയുമായ സച്ചുവിന് നാഷണല്‍ സർവീസ് സ്‌കീം വീട് നിർമിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മാതൃകാപരമാണെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ക്കായി www.hseportal.kerala.gov.in എന്ന പുതിയ വെബ്‌സൈറ്റ് നാഷണല്‍ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെ സജ്ജമാക്കിയ വെബ്‌സൈറ്റ് മന്ത്രി പ്രകാശനം ചെയ്തു. ഇനിമുതല്‍ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ എല്ലാ ഔദ്യോഗിക അറിയിപ്പുകളും ഒരു കുടക്കീഴില്‍ ഈ പുതിയ പോർട്ടല്‍ വഴി ലഭ്യമാവുമെന്നും സർക്കാർ അറിയിച്ചു.



