തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അവസാന ബജറ്റായതിനാൽ ജനക്ഷേമ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.ക്ഷേമ പെൻഷനായി 14,500 കോടി രൂപ വകയിരുത്തി. അങ്കണവാടി ജീവനക്കാർക്ക് 1000 രൂപയും ഹെൽപർമാർക്ക് 500 രൂപയും വർധിപ്പിച്ചു. ആശാവർക്കർമാർക്കുള്ള ഓണറേറിയം 1000 രൂപ വർധിപ്പിച്ചു. സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിലും വർധനവുണ്ട്. ദിവസവേതനം 25 രൂപ വർധിപ്പിക്കും. സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3720 കോടി രൂപ വകയിരുത്തി. സാക്ഷരത പ്രേരക്മാർക്ക് 1000 രൂപയും കൂട്ടി. നികുതിയേതര വരുമാനത്തിലും വർധനവുണ്ടായതായി മന്ത്രി വ്യക്തമാക്കി.തൊഴിൽ ഉറപ്പ് പദ്ധതിക്കായി 1000 കോടി രൂപ അധികമായി വകയിരുത്തും. രണ്ടാം ക്ലാസ് മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ് ഇനത്തിൽ 12 കോടി, സാംസ്കാരിക, മത സൗഹാർദ്ദ ചരിത്രം അടയാളപ്പെടുത്താൻ 10 കോടി, ഷീ വർക്കേഴ്സ് സ്പേയിസിന് 20 കോടി, നേറ്റിവിറ്റി കാർഡിനായി 20 കോടി രൂപയും വകയിരുത്തി. ഇതിനുപുറമെ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം.
സംസ്ഥാന ബജറ്റ്; ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും 1000 രൂപ വർധനവ്


