ടി-20യില്‍ പുതു ചരിത്രം; കേരളത്തിന്റെ മണ്ണില്‍ പിറന്നത് ലോക റെക്കോര്‍ഡ്

തിരുവനന്തപുരം: ന്യൂസിലാൻഡിനെതിരെയുള്ള അവസാന ടി-20യില്‍ ഇന്ത്യ 46 റണ്‍സിന്റെ വമ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 225 റണ്‍സിന് ഓള്‍ ഔട്ടായി. മത്സരത്തിന്റെ ഇരു ടീമിന്റെയും വെടിക്കെട്ട് പ്രകടനങ്ങള്‍ക്കാണ് മലയാളി ക്രിക്കറ്റ് ആരാധകർ സാക്ഷ്യം വഹിച്ചത്. രണ്ട് ടീമിലെയും താരങ്ങള്‍ 36 സിക്സുകളാണ് അടിച്ചെടുത്തത്. ഒരു ടി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ പിറക്കുന്ന മത്സരമായും തിരുവനന്തപുരത്തേത് മാറി. 2023ല്‍ സെഞ്ചൂറിയനില്‍ നടന്ന സൗത്ത് ആഫ്രിക്ക-വെസ്റ്റ് ഇൻഡീസ് മത്സരത്തില്‍ 35 സിക്സുകള്‍ പിറന്നിരുന്നു. ഈ റെക്കോർഡാണ് കേരളത്തിന്റെ മണ്ണില്‍ ഇന്ത്യയും ന്യൂസിലാൻഡും ചേർന്ന് മറികടന്നിരിക്കുന്നത്.

സെഞ്ച്വറി നേടിയ ഇഷാൻ കിഷനും അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് ഇന്ത്യക്ക് മിന്നും ടോട്ടല്‍ സമ്മാനിച്ചത്. 43 പന്തില്‍ പുറത്താവാതെ 103 റണ്‍സ് നേടിയാണ് കിഷൻ തിളങ്ങിയത്. ആറ് ഫോറുകളും 10 സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 29 പന്തില്‍ 63 റണ്‍സ് നേടിയാണ് ഇന്ത്യൻ ക്യാപ്റ്റൻ തിളങ്ങിയത്. നാല് ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഹർദിക് പാണ്ഡ്യാ 17 പന്തില്‍ 42 റണ്‍സും അഭിഷേക് ശർമ്മ 16 പന്തില്‍ 30 റണ്‍സും നേടി തിളങ്ങി.

ഇന്ത്യൻ ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തിയത് അർഷദീപ് സിങ്ങാണ്. അഞ്ചു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അക്സർ പട്ടേല്‍ മൂന്ന് വിക്കറ്റും വരുണ്‍ ചക്രവർത്തി, റിങ്കു സിങ് എന്നിവർ ഒരു വിക്കറ്റും നേടി ഇന്ത്യയുടെ വിജയത്തില്‍ നിർണായകമായി. ന്യൂസിലാൻഡിനായി ഫിൻ അലൻ 38 പന്തില്‍ എട്ട് ഫോറുകളും ആറ് സിക്സുകളും അടക്കം 80 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോററായി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *