ഹൈദരാബാദ് :ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ മലയാളി യുവാവിനെ കൊള്ളയടിച്ചു. കാലില്‍ വെടിവെച്ച ശേഷം രണ്ട് അംഗ സംഘം യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം കവരുകയായിരുന്നു.കോഴിക്കോട് സ്വദേശിയായ റിൻഷാദിന്റെ കൈവശമുണ്ടായിരുന്ന 6 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ കവർന്നത്. ശനിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ കോട്ടിയില്‍ വച്ചാണ് യുവാവിന് നേരെ വെടിയുതിർത്ത ശേഷം സംഘം പണം കവർന്നത്. കാലില്‍ വെടിയേറ്റ റിൻഷാദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാപാരിയായ റിൻഷാദ് കുട്ടികളുടെ വസ്ത്രങ്ങള്‍ വില്‍പന ചെയ്യുന്ന ആളാണ്. മൊത്തവിലയ്ക്ക് സ്റ്റോക്കെടുക്കാനാണ് ഹൈദരാബാദില്‍ എത്തിയത്. ജനുവരി 7ന് ഹൈദരാബാദിലെത്തിയ റിൻഷാദ്ബന്ധുവിന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. വസ്ത്രങ്ങള്‍ വാങ്ങാനായി ചാർമിനാറിനടുത്തുള്ള മദീന മാർക്കറ്റിലെത്തിയെങ്കിലും റിൻഷാദ് ഒന്നും വാങ്ങിയില്ല. തുടർന്ന് ബന്ധു ഉപദേശിച്ചതു പ്രകാരം ജനുവരി 31ന് ബാങ്കിന്റെ സിഡിഎമ്മില്‍ പണം നിക്ഷേപിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായതും കവർച്ച നടന്നതും. എന്നാല്‍ യുവാവിന്റെ കൈവശം ഇത്രയും പണം ഉള്ളതായി ബന്ധുവിനല്ലാതെ മറ്റാർക്കും അറിയുകയില്ലായിരുന്നു. ഈ വിവരം മോഷ്ടാക്കള്‍ എങ്ങനെ അറിഞ്ഞു എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. സുഹൃത്തിന്റെ വാഹനത്തിലാണ് റിൻഷാദ് പണം നിക്ഷേപിക്കാനായി എടിഎമ്മില്‍ എത്തിയത്.


