ദുബായ് : ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കിൽ പാകിസ്ഥാന് ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന സൂചനയുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). നിലവിൽ ഐസിസി ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്‌തിട്ടില്ല. ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാകിസ്ഥാൻ തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ പാകിസ്ഥാൻ വഴങ്ങിയില്ലെങ്കിൽ വിലക്ക് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുമായി ലോകകപ്പ് മത്സരം കളിക്കില്ലെന്ന് പാക് സർക്കാർ സമൂഹ മാധ്യമമായ എക്‌സിൽ പോസ്‌റ്റ് ചെയ്‌തത്. ‘പാകിസ്ഥാൻ ഇതുവരെ ഒൗദ്യോഗികമായി തീരുമാനം അറിയിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരുങ്ങുമെന്നാണ് പ്രതീക്ഷ. തീരുമാനം മാറ്റിയില്ലെങ്കിൽ അതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോർഡിന് ബോധ്യമുണ്ടാകുമെന്നും കരുതുന്നു. ലോക ക്രിക്കറ്റിനെ തന്നെ ഇത് ബാധിക്കും. ലോകകപ്പിൽ ഒരു ടീമിനെതിരായ കളിയിൽനിന്ന് മാത്രം വിട്ടുനൽക്കാൻ സാധ്യമില്ല.എല്ലാ ടീമുകളും ഒരുപോലെയാണ്’ ഐസിസിയുടെ കുറിപ്പിൽ വ്യക്തമാക്കി.

ഇന്ത്യയുമായി കളിക്കുന്നില്ലെങ്കിൽ പാകിസ്ഥാനെ ലോകകപ്പിൽനിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്. പാക് ക്രിക്കറ്റ് ലീഗിൽ കളിക്കാൻ വിദേശ കളിക്കാർക്ക് അനുമതി നൽകില്ല. ഏഷ്യാ കപ്പിൽനിന്നും വിലക്കും. ഐസിസിയുടെ വരുമാന വിഹിതവും റദ്ദാക്കും.
ഐസിസി ചാന്പ്യൻഷിപ്പുകളിൽ ഇന്ത്യ–പാക് മത്സരത്തിനാണ് ഏറ്റവും കൂടുതൽ ആരാധകർ. മറ്റ് മത്സരങ്ങളിലേതിനേക്കാൾ മൂന്നിരട്ടി വരുമാനവും ഐസിസിക്ക് ലഭിക്കും. ഇതും കൂടി കണക്കിലെടുത്താണ് ഇന്ത്യക്കെതിരെ കളിക്കില്ലെന്ന ഭീഷണിയുമായി പാകിസ്ഥാൻ രംഗത്തെത്തിയത്. ബംഗ്ലാദേശിനെ പുറത്താക്കിയതിന്റെ പ്രതിഷേധമെന്നാണ് പാക് വാദം. 15ന് കൊളംബോയിലാണ് കളി.


