സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽ നിന്നും വാങ്ങാനും വിൽക്കാനും ശ്രദ്ധിക്കണം: ട്രാൻസ്പോർട്ട് കമ്മീഷൻ

തിരുവനന്തപുരം:ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനോ വിൽക്കാനോ ആഗ്രഹിക്കുന്നവർ അംഗീകൃത യൂസ്ഡ് കാർ ഡീലർമാർ വഴി മാത്രമേ ഇടപാടുകൾ നടത്താൻ പാടുള്ളൂവെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം അറിയിച്ചു. നിലവിൽ വിപണിയിൽ ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ സജീവമാണ്. ഇത്തരത്തിലുള്ള ഡീലർമാരിൽ നിന്നും വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് തട്ടിപ്പുകളിലേക്ക് നയിക്കാൻ ഇടയാക്കും.

 

ഒരു വാഹനം വിൽക്കുമ്പോൾ പഴയ ഉടമയിൽ നിന്ന് അംഗീകൃത യൂസ്ഡ് വാഹന ഡീലറിലേക്കും തുടർന്ന് വാങ്ങുന്ന പുതിയ ഉടമയിലേക്കും ഉടമസ്ഥാവകാശം നിയമപരമായി കൈമാറാൻ അംഗീകൃത ഡീലർമാർക്ക് മാത്രമേ സാധിക്കുകയുള്ളു. വാഹനം വിറ്റ ശേഷവും രേഖകളിൽ ഉടമസ്ഥാവകാശം മാറാതിരിക്കുന്നത് വലിയ അപകടമാണ്. അത്തരം സാഹചര്യത്തിൽ ആ വാഹനം ഉപയോഗിച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ചല്ലാനുകൾ, വാഹനാപകടങ്ങൾ എന്നിവയ്ക്ക് പഴയ ഉടമസ്ഥൻ നിയമപരമായി ബാധ്യസ്ഥനാകും.

 

വ്യക്തികൾ തമ്മിൽ നേരിട്ടാണ് ഇടപാട് നടത്തുന്നതെങ്കിൽ, വാഹനത്തിന്റെ ആർ.സി ബുക്ക്, ഇൻഷുറൻസ്, ടാക്‌സ് തുടങ്ങിയ രേഖകൾ കൃത്യമാണെന്നും ഉടമസ്ഥാവകാശം അടിയന്തരമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.

 

പൊതു ജനങ്ങൾ അവർ ഉപയോഗിച്ച വാഹനം സെക്കന്റ് ഹാന്റ്/ യൂസ്ഡ് കാർ ഡീലർമാർക്ക് വിൽക്കുമ്പോൾ/ വാങ്ങുമ്പോൾ അവർക്ക് ഫോം 29 ബി പ്രകാരമുള്ള അംഗീകൃത ഡീലർ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. വാഹനത്തിന്റെ ഉടമസ്ഥാവകാശം താൽക്കാലികമായി വാഹൻ പോർട്ടൽ വഴി ഫോം 29 സി മുഖേന പ്രസ്തുത ഡിലർക്ക് കൈമാറണം. വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും മുൻപായി ബന്ധപ്പെട്ട ഡീലർക്ക് മോട്ടോർ വാഹന വകുപ്പ് നൽകിയ സാധുവായ ഡീലർ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ഡീലർമാരുടെ പട്ടിക https://mvd.kerala.gov.in ൽ പരിശോധിക്കാം.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *