പരീക്ഷ പേടിക്കണ്ട, കൂടെയുണ്ട്, വീ ഹെല്‍പ്’, ടോള്‍ഫ്രീ നമ്പറിലേക്ക് 16 മുതല്‍ വിളിക്കാം, വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും

തിരുവനന്തപുരം: എസ് എസ് എല്‍ സി/ഹയർസെക്കന്ററി പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി WE-HELP എന്ന പേരില്‍ ടോള്‍ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രം തുടങ്ങും.

 

വിദ്യാർത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർസെക്കണ്ടറി വിഭാഗം)മാണ് ഈ സംവിധാനം ആരംഭിക്കുന്നത്. ഫെബ്രുവരി 16 മുതല്‍ ഇത് പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ഫോണില്‍ കൗണ്‍സലിംഗ് സഹായം ലഭ്യമാകും. ഇതിനായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യമായി 18004252844 എന്ന നമ്പറില്‍ വിളിക്കാം. ടോള്‍ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും.

 

എല്ലാ ഹയർസെക്കന്ററി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ തലത്തില്‍ പൊതുപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഹയർസെക്കന്ററി കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെല്‍പ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

 

ജനറല്‍ എഡ്യൂക്കേഷൻ വി.എച്.എസ്.ഇ വിഭാഗം അടുത്ത അധ്യയന വർഷം പഠന പ്രവർത്തനങ്ങള്‍ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടു പ്രധാന പ്രവർത്തനങ്ങള്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വ്യവസായ സഹകരണ സംരംഭമായ വി.എച്.എസ്.ഇ I കണക്‌ട് ന്റെ ഉദ്ഘാടനമാണ് ഇതില്‍ ആദ്യത്തേത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പാഠ്യപദ്ധതി നടപ്പാക്കല്‍, പരിശീലനം, ഇന്റേണ്‍ഷിപ്പുകള്‍, വിലയിരുത്തല്‍, തൊഴില്‍ സാധ്യത പഠനങ്ങള്‍ എന്നിവയില്‍ കൂടുതല്‍ വ്യവസായ പങ്കാളിത്തം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു വ്യവസായ സഹകരണ സംരംഭമാണ് VHSE I കണക്‌ട്. ഈ സംരംഭത്തിന്റെ ഭാഗമായി, പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള കൂടുതല്‍ വ്യവസായ പങ്കാളികളെ ഉള്‍പ്പെടുത്തുന്നതിനായി ഒരു ബ്രാൻഡിന്റെ ഉദ്ഘാടനമാണ് ഉദ്ദേശിക്കുന്നത്. കെല്‍ട്രോണ്‍, കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ., കേരള ബാങ്ക് തുടങ്ങിയ നിരവധി പൊതുമേഖലാ, അർദ്ധസർക്കാർ സ്ഥാപനങ്ങളുമായി സഹകരണം നിലവിലുണ്ട്. എങ്കിലും സ്വകാര്യ മേഖലയിലെ കമ്പനികളെക്കൂടെ ഉള്‍പ്പെടുത്തണം. ഇത് ഒരു തുടർപ്രവർത്തനമായി നടക്കേണ്ടതാണ്. പ്രസ്തുത സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്നും മന്ത്രി വ്യക്തമാക്കി.

 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ തയ്യാറാക്കി അംഗീകരിച്ച പാഠ്യപദ്ധതികളുടെ ഔപചാരിക പ്രകാശനം/പ്രസിദ്ധീകരണമാണ് രണ്ടാമത്തേത്. 2018 ല്‍ എൻഎസ്‌ക്യുഎഫ് കോഴ്സുകള്‍ ആരംഭിച്ചത് മുതല്‍ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷൻ രജിസ്ടറിയില്‍ നിന്നെടുക്കുന്ന കോഴ്സുകള്‍ വിഎച്ച്‌എസ്‌ഇ അധ്യയനത്തിന് ചേരുന്ന രീതിയില്‍ പാകപ്പെടുത്തിയാണ് നല്‍കുന്നത്. അടുത്ത സമയം വരെ അനൗദ്യോഗികമായി നല്‍കിയിരുന്ന കരിക്കുലം നിലവില്‍ കരിക്കുലം കമ്മറ്റി അംഗീകാരത്തോടെ അടുത്ത അധ്യയനവർഷത്തില്‍ പ്രയോജനപ്പെടുന്ന രീതിയില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *