പേൻ ശല്യത്തെത്തുടര്‍ന്ന് അണുബാധ; 12 വയസുകാരി മരിച്ചു

ഒഡീഷയിലെ പൂരി ജില്ലയില്‍ തലയിലെ പേൻ ശല്യത്തെത്തുടർന്നുണ്ടായ ഗുരുതരമായ അണുബാധയെത്തുടർന്ന് 12 വയസുകാരി മരിച്ചു.ബാലംഗ പോലീസ് പരിധിയിലെ ചമ്പഗഡ് സാഹി സ്വദേശിനിയും ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ ലക്ഷ്മിപ്രിയ സാഹുവാണ് മരിച്ചത്.

 

കഴിഞ്ഞ ഏതാനും മാസങ്ങളായി ലക്ഷ്മിപ്രിയ കടുത്ത പേൻ ശല്യം അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. പലതരത്തിലുള്ള മരുന്നുകള്‍ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അണുബാധ ഒഴിവാക്കാൻ തല മുണ്ഡനം ചെയ്യാൻ അമ്മ സത്യഭാമ സാഹു നിർദേശിച്ചെങ്കിലും പെണ്‍കുട്ടി അതിന് തയ്യാറായില്ല. കാലക്രമേണ പേൻ ശല്യം കൂടുകയും തലയോട്ടിയില്‍ മുറിവുകള്‍ ഉണ്ടാവുകയും ദുർഗന്ധം വമിക്കുകയും ചെയ്തു. ഇതിലുണ്ടായ നാണക്കേടും അസ്വസ്ഥതയും കാരണം പെണ്‍കുട്ടി വീടിന് പുറത്തിറങ്ങുന്നത് നിർത്തിയിരുന്നു. എന്നാല്‍ സ്ഥിതി ഇത്രത്തോളം ഗുരുതരമാണെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ല. മരണത്തിന് മൂന്ന് ദിവസം മുമ്പ് ലക്ഷ്മിപ്രിയ രക്തം ഛർദിക്കാൻ തുടങ്ങി. ഉടൻ തന്നെ മംഗലാപൂർ മെഡിക്കല്‍ കോളേജിലും പിന്നീട് പിപ്പിലി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. “എന്റെ മകള്‍ക്ക് കടുത്ത പേൻ ശല്യമുണ്ടായിരുന്നു. ഒരുപാട് മരുന്നുകള്‍ ഉപയോഗിച്ചിട്ടും മാറ്റമുണ്ടായില്ല. തല മൊട്ടയടിക്കാൻ പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചില്ല. കുറച്ചു ദിവസമായി അവള്‍ വീടിന് പുറത്തിറങ്ങുന്നുണ്ടായിരുന്നില്ല. ശനിയാഴ്ച അസുഖം കൂടിയപ്പോള്‍ ഞങ്ങള്‍ അവളെ ആശുപത്രിയില്‍ എത്തിച്ചു.” അമ്മ സത്യഭാമ സാഹു പറഞ്ഞു.

 

അതേസമയം, തലയിലെ പേൻ നേരിട്ട് മരണത്തിന് കാരണമാകില്ലെന്ന് വൈദ്യശാസ്ത്ര വിദഗ്ധർ വിശദീകരിച്ചു. എന്നാല്‍ പേൻ ശല്യം നീണ്ടുനില്‍ക്കുന്നത് തലയോട്ടിയില്‍ മുറിവുകള്‍ ഉണ്ടാക്കാനും അത് വഴി മറ്റ് അണുബാധകളിലേക്ക് ‌നയിക്കാനും സാധ്യതയുണ്ട്. ഈ കേസില്‍, കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് മൂലം അണുബാധ രക്തത്തില്‍ പടരുകയും മരണത്തിലേക്ക് നയിക്കുകയുമാണ് ഉണ്ടായതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *