ന്യൂഡൽഹി : അഹമ്മദാബാദിൽ തകർന്നു വീണ എഐ 171 ബോയിങ് വിമാനത്തെ സംബന്ധിച്ച അന്തിമ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട്. വിമാനം തകർന്നത് പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തത് കൊണ്ടാണെന്ന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ നിഗമനത്തിലെത്തിയതായി സൂചനയെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.
വിമാനത്തിന് സാങ്കേതിക തകരാറുകൾ ഒന്നും ഉണ്ടായിരുന്നില്ല. കോക്പിറ്റിലെ വോയ്സ് റെക്കോർഡറുകൾ പരിശോധിച്ചതിൽ നിന്നും, രണ്ട് എൻജിനുകളും നിശ്ചലമാക്കുന്ന രീതിയിൽ ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തത് പൈലറ്റാണെന്ന് വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിന്റെ കമാൻഡർ ആയിരുന്ന സുമീത് സബർവാളിനു നേരെയാണ് അന്വേഷണ സംഘത്തിന്റെ വിരൽ ചൂണ്ടുന്നത്. അപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യയുടെ വ്യോമയാന സുരക്ഷാ നിലവാരം പുനപരിശോധിക്കുമെന്ന യുഎസ് ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്നാണ് മനുഷ്യസഹജമായ പിഴവ് അംഗീകരിക്കാൻ ഇന്ത്യ തയ്യാറായതെന്ന് വിദേശ മാധ്യമങ്ങൾ അവകാശപ്പെടുന്നു. കഴിഞ്ഞ ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനം ഒരു കെട്ടിടത്തിനു മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ 260 പേർ കൊല്ലപ്പെട്ടിരുന്നു.
അതേ സമയം, പൈലറ്റ് അസോസിയേഷനുകളും സബർവാളിന്റെ കുടുംബവും ഈ ആരോപണങ്ങൾ തള്ളി. വിമാന നിർമാതാക്കളെയും എയർലൈനിനെയും രക്ഷിക്കാനുള്ള ശ്രമമാണിതെന്ന് അവർ ആരോപിക്കുന്നു. അന്തിമ റിപ്പോർട്ട് പുറത്തുവിടുന്നതിനു മുൻപ് രാഷ്ട്രീയമായ വിലയിരുത്തലുകൾ ഉണ്ടാകുമെന്നും അതിനാൽ കൂടുതൽ ജാഗ്രതയോടെയുള്ള ഭാഷയിലായിരിക്കും റിപ്പോർട്ട് തയ്യാറാക്കുക എന്നുമാണ് റിപ്പോർട്ട്.



