വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം ഇനി അഞ്ചുപേരിലൂടെ ജീവിക്കും.

കൊച്ചി:വിധി തട്ടിയെടുത്ത പത്തുമാസം പ്രായമുള്ള ഏക മകളുടെ വേർപാടിലും, അഞ്ചുപേർക്ക് പുതുജീവൻ നൽകാൻ തീരുമാനിച്ച ഒരച്ഛന്റെയും അമ്മയുടെയും വലിയ മനസ്സ് കേരളത്തിന്റെ കണ്ണുനിറയ്ക്കുന്നു .വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ ആലിൻ ഷെറിൻ എബ്രഹാം ഇനി അഞ്ചുപേരിലൂടെ ജീവിക്കും. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന ചരിത്രവും ഈ കുഞ്ഞുമാലാഖയ്ക്ക് സ്വന്തമായി.

 

ഫെബ്രുവരി അഞ്ചാം തീയതി എം.സി. റോഡിലുണ്ടായ ദൗർഭാഗ്യകരമായ അപകടമാണ് ആലിന്റെ ജീവനെടുത്തത്. കോട്ടയത്തുനിന്നും തിരുവല്ലയിലേക്കുള്ള യാത്രാമധ്യേ പള്ളം ബോർമ കവലയിൽ വെച്ച് എതിർദിശയിൽ വന്ന കാർ ആലിനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻതന്നെ ചങ്ങനാശ്ശേരിയിലെയും തിരുവല്ലയിലെയും ആശുപത്രികളിലും, പിന്നീട് ഏഴാം തീയതിയോടെ കൊച്ചി അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ വിദഗ്ദ്ധ ചികിത്സകൾക്കും പ്രാർത്ഥനകൾക്കും ഫലമുണ്ടായില്ല. ഫെബ്രുവരി 13-ന് ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.

തങ്ങളുടെ ഏക മകൾ ഇനി മടങ്ങിവരില്ലെന്ന കടുത്ത യാഥാർത്ഥ്യത്തിനിടയിലും, അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ അരുണും ഷെറിനും എടുത്ത തീരുമാനം അക്ഷരാർത്ഥത്തിൽ നാടിനെ വിസ്മയിപ്പിച്ചു.

 

കരൾ: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുഞ്ഞിന് നൽകി. (സംസ്ഥാനത്ത് കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി).

വൃക്കകൾ: തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള കുട്ടിക്ക്.

ഹൃദയവാൽവ്: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്.

നേത്രപടലങ്ങൾ: കൊച്ചി അമൃത ആശുപത്രിയിലെ രോഗികൾക്ക്.

 

ഇടപ്പള്ളി-തൃപ്പൂണിത്തുറ-കോട്ടയം വഴിയുള്ള ഗ്രീൻ ചാനലിലൂടെ ആംബുലൻസ് കുതിച്ചുപാഞ്ഞപ്പോൾ, ഒരു നാട് മുഴുവൻ പ്രാർത്ഥനയോടെ വഴിയൊരുക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *