ഇറാനുമേല്‍ സമ്മർദ്ദം ശക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്‌എസ് ജെറാള്‍ഡ് ആർ ഫോർഡിനെയും ട്രംപ് പശ്ചിമേഷ്യയിലേക്ക് അയച്ചു എന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിലവില്‍ പശ്ചിമേഷ്യയില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കൻ വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണൊപ്പം പശ്ചിമേഷ്യയില്‍ തുടരാനാണ് യുഎസ്‌എസ് ജെറാള്‍ഡ് ആർ ഫോർഡിന് ട്രംപ് നല്‍കിയിരിക്കുന്ന നിർദ്ദേശം.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലിനെയും പശ്ചിമേഷ്യയിലേക്ക് അയച്ചിരിക്കുന്നത്. ഇറാനുമേല്‍ സമ്മർദ്ദം ശക്തമാക്കാനാണ് ട്രംപിന്റെ പുതിയ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ തകർക്കും എന്നാണ് ഇറാന്റെ ഭീഷണി.
വെനസ്വേലൻ പ്രസിഡന്റ് ആയിരുന്ന നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയ യുഎസ് ദൗത്യത്തിന്റെ ഭാഗമായിരുന്ന യുഎസ്‌എസ് ജെറാള്‍ഡ് ആർ ഫോർഡ് നിലവില്‍ കരീബിയൻ കടലിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. യുഎസിന്റെ 38-ാം പ്രസിഡൻറ് ജെറാള്‍ഡ് ഫോർഡിൻറെ പേരില്‍ അറിയപ്പെടുന്ന ഈ യുദ്ധക്കപ്പലിന് ഏകദേശം 60 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ 75 വിമാനങ്ങള്‍ വരെ വഹിക്കാൻ കഴിയും.
ഒരു മാസത്തിനുള്ളില്‍ ഇറാനുമായി കരാറിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കരാറിലെത്തിയില്ലെങ്കില്‍ ഇറാൻ വളരെ വേദനാജനകമായ പ്രതികരണം നേരിടേണ്ടിവരുമെന്നും ട്രംപ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച, യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജറാദ് കുഷ്നറും ഒമാനില്‍ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി പരോക്ഷ ചർച്ചകള്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.



