സിബിഎസ്ഇ പരീക്ഷകൾ അടിമുടി മാറുന്നു; ഈ വർഷംമുതൽ മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കും, പുനർമൂല്യനിർണയം ഇനിയില്ല

ന്യൂഡൽഹി: 12ാം ക്ലാസ് പരീക്ഷയിൽ അടിമുടി മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി സിബിഎസ്ഇ. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കുകയാണ് ഇതിൽ പ്രധാനം. ഇതിനൊപ്പം ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയവും ഒഴിവാക്കുകയും ചെയ്യും. ഈ വർഷം മുതൽ പുതിയ രീതികൾ നടപ്പാക്കും എന്നാണ് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് പറയുന്നത്. എന്നാൽ പത്താംക്ലാസിൽ പുനർമൂല്യനിർണയം ഉണ്ടാവും. മൂല്യനിർണയപ്രക്രിയയിൽ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.

ഓൺ സ്ക്രീൻ മാർക്കിംഗ് (ഒ എസ് എം) എന്ന രീതിയിലൂടെയാണ് മൂല്യനിർണയം നടത്തുന്നത്. പരീക്ഷ കഴിഞ്ഞാലുടൻ ഉത്തരക്കടലാസ് വ്യക്തമായി സ്കാൻചെയ്യും. ഇത് സിബിഎസ്ഇയുടെ സർവറിൽ സൂക്ഷിക്കും. പിന്നീട് മൂല്യനിർണയവേളയിൽ ഈ ഡിജിറ്റൽ കോപ്പിയായിരിക്കും അദ്ധ്യാപകർക്ക് നൽകുന്നത്. അവർ സ്ക്രീനിൽ നോക്കിത്തന്നെയാവും മാർക്കിടുന്നത്. ഇതിനായി പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിക്കും.

ഓരോ ഉത്തരത്തിനുള്ള മാർക്കും അതതിടങ്ങളിൽ പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തം. ഉത്തരക്കടലാസിൽ എഴുതിയിട്ടുള്ള എല്ലാ ചോദ്യങ്ങൾക്കും മാർക്ക് രേഖപ്പെടുത്തിയാലേ പേപ്പർ നോക്കുന്ന അദ്ധ്യാപകന് മാർക്ക് ലിസ്റ്റ് സമർപ്പിക്കാനാവൂ. അതിനാൽ ചില ഉത്തരങ്ങൾ മൂല്യനിർണയം നടത്താൻ വിട്ട‌ുപോകുന്നതും മാർക്കുകൾ കൂട്ടിഎഴുതുന്നതിൽ പിശകുവരുന്നതും പൂർണമായും ഒഴിവാക്കാനാവും എന്നാണ് സിബിഎസ്ഇ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര സഹകരണത്തോടെയാണ് ഈ രീതി നടപ്പാക്കുന്നത്. പിഴവുകൾ പൂർണമായും ഇല്ലാതാകുന്നതിനാലാണ് പുനർമൂല്യനിർണയം ഒഴിവാക്കുന്നത്. ഉത്തരസൂചികയും ഡിജിറ്റലായി തന്നെ നൽകും.

ഒ എസ് എം നടപ്പാക്കുന്നതിലൂടെ പരീക്ഷാ ഫലം പുറത്തുവിടുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ കഴിയും. മാത്രവുമല്ല മാനുഷിക ശേഷിയും ചെലവും കുറയ്ക്കാനാവും. മൂല്യനിർണയത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർക്ക് സ്വന്തം സ്കൂളിൽത്തന്നെ തുടരാനാവും. അഫിലിയേറ്റ് ചെയ്ത എല്ലാ സ്കൂളുകൾക്കും മൂല്യനിർണയത്തിൽ പങ്കാളിയാകാനും കഴിയും. ഒ എസ് എം സുഗമമായി നടപ്പാക്കാനുള്ള സംവിധാനങ്ങൾ കുറ്റമറ്റരീതിയിൽ ഒരുക്കാൻ സ്കൂളുകൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരിശീലന പരിപാടികളും മോക്ക് ടെസ്റ്റുകളും നടത്തി ഒ എസ് എം രീതി അദ്ധ്യാപകർക്ക് എളുപ്പമാക്കാനുള്ള ശ്രമം സിബിഎസ്ഇ ആരംഭിച്ചിട്ടുണ്ട്

.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *