ആണവനിലയങ്ങളെ ‘ഭൂഗര്‍ഭ ബങ്കറുകളാക്കി’ മാറ്റി ഇറാൻ; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

അമേരിക്കയുമായുള്ള സൈനിക സംഘർഷം മുറുകുന്നതിനിടെ, തങ്ങളുടെ പ്രധാന ആണവ കേന്ദ്രങ്ങളെ തകർക്കാൻ കഴിയാത്ത ഭൂഗർഭ ബങ്കറുകളാക്കി മാറ്റി ഇറാൻ.വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇന്റർനാഷണല്‍ സെക്യൂരിറ്റി’ പുറത്തുവിട്ട ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് ഇറാന്റെ ഈ നീക്കങ്ങള്‍ വെളിപ്പെടുത്തിയത്.

 

ടെഹ്റാനില്‍ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പാർച്ചിൻ സൈനിക സമുച്ചയത്തിലെ ‘തലേഗാൻ 2’ എന്ന കേന്ദ്രത്തിന് ചുറ്റും ശക്തമായ കോണ്‍ക്രീറ്റ് കവചം നിർമിച്ചതായി ചിത്രങ്ങള്‍ കാണിക്കുന്നു. ഇതിനു മുകളില്‍ കനത്തില്‍ മണ്ണ് മൂടി വായുമാർഗമുള്ള ബോംബ് ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ഇറാന്റെ ശ്രമം. നടാൻസിലെ പ്രധാന ആണവനിലയത്തിന് സമീപമുള്ള പർവത തുരങ്കങ്ങള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച്‌ കൂടുതല്‍ ബലപ്പെടുത്തിയിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അത്യാധുനിക സെൻട്രിഫ്യൂജുകള്‍ ഇവിടെ സ്ഥാപിക്കാനാണ് നീക്കമെന്ന് കരുതപ്പെടുന്നു.

 

പ്രധാന കേന്ദ്രങ്ങള്‍ക്ക് ചുറ്റും അത്യാധുനിക തോക്കുകളും പ്രതിരോധ സംവിധാനങ്ങളും ഇറാൻ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. മുൻപ് ആക്രമണം നേരിട്ട ഇസ്ഫഹാൻ ആണവ കേന്ദ്രത്തിലെ തുരങ്ക കവാടങ്ങള്‍ മറയ്ക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.ഒരു വശത്ത് അമേരിക്കയുമായി നയതന്ത്ര ചർച്ചകള്‍ നടക്കുമ്പോഴും മറുവശത്ത് ആണവ അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശക്തിപ്പെടുത്തുന്നത് ഇറാന്റെ ഇരട്ടത്താപ്പാണെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുന്നു. പർവ്വതങ്ങള്‍ തുരന്നും ഭൂമിക്കടിയില്‍ ആഴത്തിലും നിർമിച്ചിരിക്കുന്ന ഈ ബങ്കറുകളെ തകർക്കാൻ സാധാരണ മിസൈലുകള്‍ക്ക് കഴിയില്ലെന്നത് അമേരിക്കയ്ക്കും ഇസ്രായേലിനും വലിയ വെല്ലുവിളിയാകും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *