മലപ്പുറം:വെറും 23 വയസ്സ്, പക്ഷേ കൈകാര്യം ചെയ്തിരുന്നത് ലക്ഷങ്ങൾ! ഓൺലൈൻ ബിസിനസ്സിൽ വലിയ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതിയും സുഹൃത്തും ഒടുവിൽ പോലീസ് വലയിലായി. കോഴിക്കോട് ചേളന്നൂർ സ്വദേശിനി സോന (23), പടിഞ്ഞാറംകണ്ടം സ്വദേശി റമീസ് (41) എന്നിവരെയാണ് കാളികാവ് പോലീസ് അറസ്റ്റ് ചെയ്തത്.
വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഇവർ ഇരകളെ കണ്ടെത്തിയിരുന്നത്. ഓൺലൈൻ വ്യാപാരത്തിൽ പണം നിക്ഷേപിച്ചാൽ ആകർഷകമായ ലാഭം നൽകാമെന്ന് വിശ്വസിപ്പിക്കും. തുടക്കത്തിൽ കൃത്യമായി ലാഭവിഹിതം നൽകി നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കും. ഇത് വിശ്വസിച്ച് വലിയ തുകകൾ നിക്ഷേപിക്കുന്നതോടെ ഇവരുടെ യഥാർത്ഥ മുഖം പുറത്തുവരും.
പൂങ്ങോട് സ്വദേശിയുടെ പരാതിയിലാണ് ഇപ്പോൾ അന്വേഷണം നടന്നത്. 47 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടമായത്. പണം തിരിച്ചു ചോദിച്ചപ്പോൾ ലാഭവിഹിതം പോയിട്ട് നിക്ഷേപിച്ച തുക പോലും ലഭിക്കാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച പോലീസ് ഞെട്ടിപ്പോയി; ദിവസവും ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഇവരുടെ ജോയിന്റ് അക്കൗണ്ടിലുണ്ടായിരുന്ന 9 ലക്ഷം രൂപ പോലീസ് മരവിപ്പിച്ചിട്ടുണ്ട്.
കാളികാവ് പോലീസ് ഇൻസ്പെക്ടർ കെ. അനുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കുക!




