കൊച്ചി: ആഗോള വിപണിയില്‍ വന്‍ മുന്നേറ്റം നടത്തിയ സ്വര്‍ണം അല്‍പ്പം താഴ്ന്നു. ഇതിന്റെ പ്രതിഫലനം കേരളത്തിലെ വിപണിയിലും പ്രകടമായി. കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. വ്യാഴാഴ്ച രണ്ടു തവണ വില കൂടിയ ശേഷമാണ് വെള്ളിയാഴ്ച രാവിലെ വില കുറഞ്ഞിരിക്കുന്നത്. ആഭരണം വാങ്ങുന്നവര്‍ക്ക് ഇത് നേട്ടമാകും
അതേസമയം, സ്വര്‍ണവില ഏത് സമയവും വലിയ കുതിപ്പ് നടത്താന്‍ പര്യാപ്തമായ സാഹചര്യം വിപണിയിലുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളുടെ ഭാവി സ്വര്‍ണവിലയില്‍ നിര്‍ണായകമാണ്. ക്രൂഡ് ഓയില്‍ വിലയിലും ഇക്കാര്യം നിര്‍ണായകമാണ്. അമേരിക്ക ഇറാന് ചുറ്റും പടക്കപ്പലുകളും യുദ്ധവിമാനങ്ങളും ഒരുക്കി 10 ദിവസത്തിനകം അനുകൂല തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
ആഗോള സാഹചര്യം ആശങ്കയില്‍ നില്‍ക്കുന്നതിനിടെ, കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയും ഒരു ഗ്രാമിന് 100 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 114520 രൂപയാണ് വില. വ്യാഴാഴ്ച രാവിലെ 114760 രൂപയും ഉച്ചയ്ക്ക് 115320 രൂപയുമായിരുന്നു വില. പിന്നീടാണ് കുറവ് വന്നിരിക്കുന്നത്.



