“പണം തിരികെ നല്‍കാം… ഒരു വീട് അനുവദിക്കാമോ?” 15 ലക്ഷം സ്വീകരിച്ച ദുരന്തബാധിതർ കലക്ടറെ സമീപിക്കുന്നു

കൽപ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി സർക്കാർ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട്, മുന്‍പ് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം സ്വീകരിച്ച്‌ പദ്ധതി ഒഴിവാക്കിയ ചില കുടുംബങ്ങള്‍ വീണ്ടും രംഗത്തെത്തുന്നതായി വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ വ്യക്തമാക്കി.

 

പണം സ്വീകരിച്ച്‌ പോയവരില്‍ പലരും ടൗണ്‍ഷിപ്പിലെ മികച്ച സൗകര്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വീണ്ടും വീട് അനുവദിക്കാമോ എന്ന് അന്വേഷിച്ച്‌ വരികയാണ്. ആദ്യഘട്ടത്തില്‍ കുറച്ച്‌ പേരുടെ അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, അവർ കൈപ്പറ്റിയ തുക തിരികെ അടച്ചാല്‍ ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് നേടിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

 

ഇനിയും അപേക്ഷകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. “15 ലക്ഷം വാങ്ങിപ്പോയി മാഡം… എങ്ങനെയെങ്കിലും ഒരു വീട് അനുവദിക്കണം” എന്നാവശ്യപ്പെട്ട് ചിലർ നേരിട്ട് എത്തി അഭ്യര്‍ഥിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. സ്ഥലത്തിന്റെ സൗകര്യം, അടിസ്ഥാന സൗകര്യങ്ങള്‍, വീടുകളുടെ ഗുണമേന്മ എന്നിവയില്‍ ഗുണഭോക്താക്കള്‍ സംതൃപ്തരാണെന്നും ഇതിനകം ചിലര്‍ തുക റീഫണ്ട് ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേർത്തു.

 

മികച്ച സൗകര്യങ്ങളോടെ ടൗണ്‍ഷിപ്പ്

കല്‍പ്പറ്റ നഗരത്തിന് സമീപമായാണ് ടൗണ്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. കുടിവെള്ളം, മാലിന്യസംസ്‌കരണം, റോഡ്, വൈദ്യുതി തുടങ്ങി സമഗ്രമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ ദുരന്തബാധിതര്‍ക്ക് സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ടൗണ്‍ഷിപ്പിന്റെ പുരോഗതിയും സൗകര്യങ്ങളും കണ്ടതോടെയാണ് മുൻപ് പദ്ധതി ഒഴിവാക്കിയ കുടുംബങ്ങളും തിരിച്ചെത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് വ്യക്തമാക്കി. ചിലരുടെ തെറ്റായ പ്രചാരണങ്ങളില്‍ പെട്ടാണ് പലരും നേരത്തെ സാമ്പത്തിക സഹായം സ്വീകരിച്ച്‌ പോയതെന്നും, ഇപ്പോൾ അവർ ടൗണ്‍ഷിപ്പില്‍ താമസിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായുള്ള ഈ ടൗണ്‍ഷിപ്പ് പദ്ധതി ജില്ലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *