കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തൊഴിലാളികളുടെ മുകളിലേക്ക് തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നുവീണത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷിച്ചത്. എന്നാൽ ആശുപത്രിയിലെത്തിച്ചതിന് ശേഷം മൂന്ന് തൊഴിലാളികളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ്, ബഷീർ എന്ന ചുമട്ടു തൊഴിലാളികളാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. 70 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം പൊളിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ പൊളിച്ചുമാറ്റൽ നടന്നിരുന്നില്ല. പലചരക്ക് ഗോഡൗൺ അടക്കം ഇവിടെ പ്രവർത്തിച്ചുവരികയായിരുന്നു.
കോർപ്പറേഷൻ കെട്ടിടമാണ് അപകടത്തിൽപെട്ടത്. നിരവധി തൊഴിലാളികൾ വിശ്രമിക്കാനായി എത്തുന്ന കെട്ടിടം കൂടിയാണിത്. അപകടസമയത്ത് അഞ്ച് തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഫിറ്റ്നസ് ഇല്ലാത്ത ബിൽഡിങ്ങുകൾക്ക് ലൈസൻസ് നൽകരുതെന്ന് നിരവധി തവണ പറഞ്ഞതാണെന്നും സംഭവം അനാസ്ഥയാണെന്നും കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എസ് വി സയ്യിദ് ഷമീൽ മുഹമ്മദ് ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങളിൽ ഒരു അടിസ്ഥാനവുമില്ലെന്നും കൃത്യമായ പരിശോധനകൾ ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. വലിയ അപകടമാണ് നടന്നതെന്നും എവിടെയാണ് കോർപ്പറേഷന് വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും മേയർ ഓ സദാശിവൻ പറഞ്ഞു. കെട്ടിടത്തിന്റെ കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷം പിന്നീട് പ്രതികരിക്കാമെന്നും മേയർ പറഞ്ഞു.



