ടി-20 ലോകകപ്പ്! കൂറ്റൻ ജയവുമായി വെസ്റ്റ് ഇൻഡീസ്; സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ സെമി മോഹങ്ങള്‍ തുലാസില്‍

ടി 20 ലോകകപ്പ് സൂപ്പർ എട്ടില്‍ സിംബാബ്‌വെക്കെതിരെ 107 റണ്‍സിന്റെ കൂറ്റൻ ജയം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് കരുത്തുകാട്ടിയിരിക്കുകയാണ്. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ്, നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന പടുകൂറ്റൻ സ്കോറാണ് അടിച്ചെടുത്തത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 17.4 ഓവറില്‍ 147 റണ്‍സിന് പുറത്താവുകയായിരുന്നു. ഈ തകർപ്പൻ വിജയത്തോടെ +5.350 എന്ന വമ്പൻ നെറ്റ് റണ്‍റേറ്റുമായി വിൻഡീസ് ഗ്രൂപ്പ് വണ്ണില്‍ ഒന്നാമതെത്തി. വെസ്റ്റ് ഇൻഡീസിന്റെ ഈ ഫോം അടുത്തതായി അവരെ നേരിടാനിരിക്കുന്ന ഇന്ത്യയ്ക്ക് വലിയൊരു മുന്നറിയിപ്പാണ് നല്‍കുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന് പരാജയപ്പെട്ട ഇന്ത്യയുടെ നിലവില്‍ -3.800 എന്ന പരിതാപകരമായ നെറ്റ് റണ്‍റേറ്റാണുള്ളത്. സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിർത്തണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ സിംബാബ്‌വെയെയും വെസ്റ്റ് ഇൻഡീസിനെയും ഇന്ത്യയ്ക്ക് വലിയ മാർജിനില്‍ തോല്‍പ്പിച്ചേ തീരൂ. എന്നാല്‍ റണ്‍റേറ്റിന്റെ കാര്യത്തില്‍ വിൻഡീസിനെയോ ദക്ഷിണാഫ്രിക്കയെയോ മറികടക്കുക ഇന്ത്യയ്ക്ക് ഏറെക്കുറെ അസാധ്യമാണ്. ഇന്ത്യയ്ക്ക് മുന്നില്‍ ഇനി സെമിയിലേക്കുള്ള വഴി മറ്റ് ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിച്ചിരിക്കും. ഇന്ത്യ തങ്ങളുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വലിയ മാർജിനില്‍ വിജയിക്കുകയും, ഒപ്പം ദക്ഷിണാഫ്രിക്ക തങ്ങളുടെ ബാക്കിയുള്ള മത്സരങ്ങളില്‍ വിജയിച്ച്‌ 6 പോയിന്റോടെ ഒന്നാമതെത്തുകയും വേണം. അങ്ങനെ വന്നാല്‍ 4 പോയിന്റോടെ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താം. എന്നാല്‍ വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ വിൻഡീസ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ അവസാന മത്സരത്തിന് മുൻപ് തന്നെ ഇന്ത്യ ടൂർണമെന്റില്‍ നിന്ന് പുറത്താകാൻ സാധ്യതയുണ്ട്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *