ഭൂമി സംബന്ധമായി രേഖകള്‍ ഇനി മുതല്‍ ഒരു കുടക്കീഴില്‍; വരുന്നു റവന്യു കാര്‍ഡ്, ആര്‍ക്കൊക്കെ ലഭിക്കും? അറിയേണ്ടതെല്ലാം

വസ്തുസംബന്ധമായ കാര്യങ്ങള്‍ക്ക് വില്ലേജോഫീസില്‍ കയറിയിറങ്ങാത്ത മലയാളികള്‍ ഉണ്ടാവില്ല. പലപ്പോഴും വസ്തു സംബന്ധമായ കാര്യങ്ങളുടെ വിവരങ്ങള്‍ ലഭിക്കുന്നതിന് പൊതുജനം നിരവധി തടസ്സങ്ങളും നേരിടുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് സംസ്ഥാന റവന്യു വകുപ്പ്. റവന്യു കാർഡ് എന്ന് പുതിയ പദ്ധതിയിലൂടെ ഒരു വ്യക്തിയുടെ ഭൂമി സംബന്ധമായ വിവരങ്ങളെല്ലാം ഒരൊറ്റ കുടക്കീഴിലാക്കിയിരിക്കുകയാണ് സംസ്ഥാന റവന്യു വകുപ്പ്.

 

എന്താണ് റവന്യു കാർഡ് ?

 

ഒരു വ്യക്തിയുടെ ആധാർ കാർഡ് പോലെ തന്നെ ആ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ സമഗ്ര വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് റവന്യുകാർഡ്. കേരളത്തിലെ റവന്യൂ ഭരണസംവിധാനത്തെ പൂർണ്ണമായും ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് റവന്യു കാർഡ് പുറത്തിറക്കുന്നത്. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായാണ് പദ്ധതി തയ്യാറാക്കുന്നത്.

 

സംസ്ഥാനത്തെ ഓരോ ഭൂഉടമയ്ക്കും, ഭൂസംബന്ധമായ കൃത്യമായ തിരിച്ചറിയല്‍ രേഖ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ കാതല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് 10 അക്കങ്ങള്‍ വരുന്ന ഒരു തനത് ഐ .ഡിയില്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ റവന്യൂ കാർഡ് എന്ന ആശയത്തിന്റെ ഉത്ഭവം. റവന്യൂ വകുപ്പിന് വേണ്ടി കെല്‍ട്രോണും , ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയും ചേർന്ന് ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് പ്രസ്തുത കാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുള്ളത്. ക്യുആർ കോഡ് സാങ്കേതികവിദ്യ കൂടെ ഈ കാർഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

കാർഡില്‍ എന്തൊക്കെ വിവരങ്ങള്‍ ?

 

ഈ ഡിജിറ്റല്‍ റവന്യൂ കാർഡില്‍ ഒരു ഭൂവുടമയ്ക്ക് ആവശ്യമായ റവന്യൂ വകുപ്പിലെ പ്രധാന വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഭൂമിയുടെ ഇനം, തരം, കൃത്യമായ വിസ്തീർണ്ണം എന്നിവ ഇതില്‍ രേഖപ്പെടുത്തിയിരിക്കും. ഭൂവുടമയുടെ പേരും, വിലാസവും, പ്രസ്തുത ഭൂമിയിലുള്ള കെട്ടിടങ്ങളെ സംബന്ധിച്ച വിവരങ്ങളും ഇതില്‍ ലഭ്യമാകും.ഏറ്റവും പ്രധാനമായി, ഭൂനികുതി, കെട്ടിടനികുതി, അധികനികുതി എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഈ കാർഡിലൂടെ അറിയാൻ സാധിക്കും.

 

ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ

 

ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനാല്‍ പൊതുജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെടും. കൂടാതെ രേഖകളുടെ ആധികാരികതയും, സുതാര്യതയും ഉറപ്പുവരുത്തുവാനും ഇത് സഹായിക്കുന്നതാണ്. ഈ കാർഡിന്റെ വരവോടെ പൊതുജനങ്ങള്‍ക്ക് വിവിധ രേഖകള്‍ കൈവശം വെക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കപ്പെടും.

 

നിലവില്‍ വിവിധ ഓഫീസുകളില്‍ അപേക്ഷകള്‍ സമർപ്പിക്കുമ്പോള്‍ വെരിഫിക്കേഷനായി വ്യത്യസ്ത റവന്യൂ രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. ഇതിന് പകരമായി, കാർഡ് ഐഡി മാത്രം നല്‍കുന്ന ഒരു സംവിധാനം വികസിപ്പിച്ചുവരികയാണ്. റവന്യൂ വകുപ്പില്‍ നിന്നും ലഭ്യമായിട്ടുള്ള വിവിധ സർട്ടിഫിക്കറ്റുകള്‍, നികുതി രസീതുകള്‍ എന്നിവ ഇനിമുതല്‍ ഈ കാർഡ് വഴി ക്രോഡീകരിക്കപ്പെടും.

 

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് എപിഐ മുഖേന ഫെയർ വാല്യൂ ക്ലാസ്സിഫിക്കേഷൻ,റേഷൻ കാർഡ്, ആധാർ വിവരങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ ഭൂസേവനങ്ങള്‍ നല്‍കുന്ന സർക്കാരിന്റെ ഇതര വകുപ്പുകള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ കൂടെ ഈ കാർഡിന്റെ കുടക്കീഴില്‍ കൊണ്ടുവരുവാൻ റവന്യു വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.

 

എവിടെയെല്ലാം കാർഡ് ലഭിക്കും ?

 

സംസ്ഥാനത്തെ ഡിജിറ്റല്‍ സർവേ പൂർത്തിയാക്കിയ എല്ലാ വില്ലേജ് പരിധികളിലും റവന്യു കാർഡ് ലഭ്യമാക്കും. നിലവില്‍ സംസ്ഥാനത്തെ 170 വില്ലേജ് പരിധികളിലാണ് ഡിജിറ്റല്‍ സർവേ പൂർത്തിയായത്. മാർച്ച്‌ 30-ന് മുന്നോടിയായി 300 വില്ലേജുകളിലെ ഡിജിറ്റല്‍ സർവേകൂടി പൂർത്തിയാകും. ആദ്യഘട്ടത്തില്‍ മൊത്തം 470 വില്ലേജുകളില്‍ റവന്യു കാർഡുകള്‍ വിതരണം ചെയ്യും. റവന്യു വകുപ്പിന്റെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത് 27 ലക്ഷം ഹെക്ടർ റവന്യുഭൂമിയാണ് നിലവിലുള്ളത്. ഡിജിറ്റല്‍ സർവേ നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കി എല്ലാ വില്ലേജ് പരിധിയിലും റവന്യു കാർഡ് നല്‍കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *