തണ്ണിമത്തൻ നമുക്കും കൃഷിചെയ്യാം

വെള്ളരിവർഗവിളകളില്‍ വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒരു പച്ചക്കറിയാണ് തണ്ണിമത്തൻ. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരള വിപണിയില്‍ തണ്ണിമത്തൻ കൂടുതലായും എത്തുന്നത്.കേരളത്തിലെ കർഷകരുടെ നിഘണ്ടുവില്‍ ഇല്ലാതിരുന്ന തണ്ണിമത്തൻ കൃഷി ഇപ്പോള്‍ നമ്മുടെ നാട്ടിലും വ്യാപകമായിട്ടുണ്ട്. പരമ്പരാഗതമായി സീസണല്‍ വിളയായിരുന്നെങ്കിലും ഇപ്പോള്‍ വർഷം മുഴുവനും തണ്ണിമത്തൻ ലഭിക്കുന്നുണ്ട്.

 

അണുകുടുംബങ്ങള്‍ക്ക് അനുയോജ്യമായ മിനി, ഐസ് ബോക്സ് എന്നീ ചെറിയ തണ്ണിമത്തൻ ഇനങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. തണ്ണിമത്തനില്‍ ധാരാളം ജലാംശം, വിറ്റാമിൻ എ, അന്നജം, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ സിങ്ക്, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് ഈ വിള. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിൻ എന്ന അമിനോആസിഡ് നമ്മുടെ ശരീരത്തില്‍ ഒരു ആന്റി ഓക്സിഡൻറ്റായി പ്രവർത്തിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തിലും പങ്ക് വഹിക്കുന്നു. ഉപഭോക്തൃ മുൻഗണനയില്‍ തണ്ണിമത്തൻ കാന്പിന്റെ നിറം ഒരു നിർണായക ഘടകമാണ്. പ്രധാനമായും ചുവപ്പ്, ഇളം ചുവപ്പ്, മഞ്ഞ, ഇളം മഞ്ഞ, ഓറഞ്ച് എന്നീ നിറഭേദങ്ങളില്‍ തണ്ണിമത്തൻ ലഭ്യമാണ്. ഇതോടൊപ്പം കുരുവില്ലാ തണ്ണിമത്തൻ വർഗങ്ങള്‍ക്കും വിപണിയില്‍ പ്രത്യേക പ്രാധാന്യം വർധിച്ചുവരുന്നു.

 

കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

 

◾തണ്ണിമത്തൻ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതല്‍ മാർച്ച്‌ വരെയാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കുവാൻ.

 

◾നല്ല ഫലഭൂയിഷ്ടവും നീർവാർച്ചയുമുള്ള പശിമരാശി മണ്ണ് ആണ് തണ്ണിമത്തൻ കൃഷിക്ക് അഭികാമ്യം.

 

നിലം ഒരുക്കല്‍

 

◾കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ചതിനുശേഷം 3 മീറ്റർ അകലത്തിലായി 2 മീറ്റർ ഇടവിട്ട് കുഴിയെടുക്കാം. കുഴികള്‍ക്കു പകരം 3 മീറ്റർ ഇടവിട്ട് ചാലുകളും എടുക്കാവുന്നതാണ്.

 

◾ഏകദേശം 60 സെ.മീ. വ്യാസവും 45 സെ.മീ. ആഴവും ഉള്ള കുഴികള്‍ ആണ് എടുക്കേണ്ടത്. 45 സെ. മീ. താഴ്ച്ച ഉള്ള ചാലുകള്‍ എടുക്കുവാൻ ശ്രദ്ധിക്കുക.

 

നടീലും വളപ്രയോഗവും

 

◾വളപ്രയോഗത്തിനോട് നല്ല രീതിയില്‍ പ്രതികരിക്കുന്ന ഒരു വിളയാണ് തണ്ണിമത്തൻ. സെൻറ്റിനു 1 -2 കിലോഗ്രാം കുമ്മായം ചേർത്ത് മേല്‍മണ്ണ് ഇളക്കിയതിനുശേഷം ഒരാഴ്ച കഴിഞ്ഞ് 100 കിലോഗ്രാം ജൈവവളം കൂടി നല്‍കണം.ശേഷം അടിവളമായി ആവശ്യമുള്ള രാസവളങ്ങള്‍ താഴെപ്പറയുന്ന അളവില്‍ ചേർക്കണം.

◾രാസവളങ്ങളുടെ അളവ് ഇപ്രകാരമാണ്. യൂറിയ: 303 ഗ്രാം, രാജ്ഫോസ്:560 ഗ്രാം, പൊട്ടാഷ്: 167 ഗ്രാം.

 

◾ഇവ മേല്‍മണ്ണുമായി കലർത്തി കുഴിയുടേയോ ചാലിന്റേയോ മുക്കാല്‍ ഭാഗം നിറക്കണം. ശേഷം വിത്തുകള്‍ ഇടുകയോ പ്രോട്രേകളില്‍ വളർത്തിയ 10 ദിവസം പ്രായമുള്ള തൈകള്‍ നടുകയോ ചെയ്യാം. ഒരു തടത്തില്‍ 4-5 വിത്തുകള്‍/ തൈകള്‍ നടാവുന്നതാണ്.

 

◾2 ആഴ്ചകള്‍ക്കുശേഷം കരുത്തുള്ള 2 ചെടികള്‍ മാത്രം നിലനിർത്തുക. അടിവളത്തിനു പുറമേ വള്ളിവീശുമ്പോഴും പൂവിടുമ്പോഴും സെന്റിനു 151 ഗ്രാം യൂറിയ വീതം മേല്‍വളമായി നല്‍കണം.

 

◾വിളയുടെ ആദ്യഘട്ടങ്ങളില്‍ 3-4 ദിവസം കൂടുന്പോള്‍ ജലസേചനം നല്‍കണം. പിന്നീട് പൂവിട്ടു തുടങ്ങുന്പോഴും കായ പിടിച്ചു തുടങ്ങുന്പോഴും ഒന്നിടവിട്ട ദിവസങ്ങളില്‍ ജലസേചനം നടത്തുക.

 

◾നല്ല മാധുര്യമുള്ള തണ്ണിമത്തൻ ലഭിക്കുന്നതിനു വേണ്ടി, കായ മൂപ്പെത്തുന്ന സമയത്ത് ജലസേചനം നിയന്ത്രിക്കുക.

 

◾തണ്ണിമത്തൻ വള്ളികള്‍ പടരുന്നതിനായി മണ്ണില്‍ ഉണങ്ങിയ കമ്പുകളോ പുല്ലുകളോ നിരത്തുക. മേല്‍വളം നല്‍കുമ്പോള്‍ കളകള്‍ നീക്കി മണ്ണ് ഇളക്കി കൊടുക്കുകയും വേണം.

 

വിളവെടുപ്പ്

 

◾തൈകള്‍ നട്ടതിന് ഏകദേശം 30- 35 ദിവസങ്ങള്‍ക്കു ശേഷം തണ്ണിമത്തൻ ചെടികള്‍ പൂവിട്ടു തുടങ്ങും. പൂവിട്ട് 45- 50 ദിവസം കഴിയുന്പോള്‍ തണ്ണിമത്തൻ വിളവെടുത്ത് തുടങ്ങാം.

 

◾മൂപ്പെത്തിയ തണ്ണിമത്തനില്‍ മണ്ണിനോട് ചേർന്നു കിടക്കുന്ന ഭാഗത്തെ തൊലി മഞ്ഞ കലർന്ന വെള്ളനിറത്തില്‍ മാറിയതായി കാണപ്പെടും.

 

◾ കായ്കള്‍ കൈ കൊണ്ട് കൊട്ടുമ്പോള്‍ പൊള്ളയായ ശബ്ദം കേള്‍ക്കുകയാണെങ്കില്‍ തണ്ണിമത്തൻ വിളവെടുക്കാൻ പാകമായതായി കണക്കാക്കാം.

 

കീടനിയന്ത്രണം

 

◾തണ്ണിമത്തനില്‍ പ്രധാനമായി കണ്ടുവരുന്ന പടവലം/വെള്ളരി വണ്ടുകളെ 20 ഗ്രാം ബ്യുവേറിയ ബാസിയാന ഒരു ലിറ്റർ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കയും ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ചെയ്യുന്നതുവഴി നിയന്ത്രിക്കാം.

 

◾ഇലപ്പേനുകളെ കൃഷിയിടത്തില്‍ അങ്ങിങ്ങായി നീലക്കെണികള്‍ സ്ഥാപിക്കുന്നതുവഴി നിയന്ത്രിക്കാം.

 

◾കൂടാതെ അക്ടറാ 2 ഗ്രാം/ 10 ലിറ്റർ അല്ലെങ്കില്‍ കോണ്ഫിഡർ 3 മില്ലി/ 10 ലിറ്റർ എന്ന തോതില്‍ തളിച്ച്‌ 10 ദിവസത്തിനുശേഷം ബ്യുവേറിയ ബാസിയാന 20 ഗ്രാം/ലിറ്റർ എന്ന അളവില്‍ ചെടിയില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിച്ച്‌ കൊടുക്കുകയും ചെയ്യുന്നത് വഴി ഈ കീടത്തെ നിയന്ത്രിക്കാവുന്നതാണ്.

 

◾ഇലകളില്‍ നരപ്പ് ഉണ്ടാക്കുന്ന മണ്ഡരികളെ 6 ഗ്രാം വേപ്പെണ്ണ, വെളുത്തുള്ളി, സോപ്പ് ഇവ ഒരു ലിറ്റർ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കുന്നതു വഴി നിയന്ത്രിക്കാവുന്നതാണ്.

 

രോഗനിയന്ത്രണം

 

◾തണ്ണിമത്തനില്‍ പ്രധാനമായും കണ്ടുവരുന്ന കൂന്പുകരിച്ചില്‍ വൈറല്‍ രോഗം (ബഡ് നെക്രോസിസ് വൈറസ്) പരത്തുന്നത് ഇലപ്പേനുകളാണ്. തുടക്കത്തിലേ രോഗം ബാധിച്ച ചെടികള്‍ പിഴുതു കളയുക. ഇതുവഴി രോഗത്തിന്റെ കാഠിന്യം കുറക്കാം.

 

◾ചുവന്ന പശയോടുകൂടിയ തണ്ടുവിള്ളല്‍ രോഗത്തെ അസോക്സിസ്ട്രോബിൻ + ക്ലോറോത്തലോണില്‍ എന്ന കുമിള്‍നാശിനി 2 ഗ്രാം/ലിറ്റർ എന്ന തോതില്‍ തളിച്ച്‌ 10 ദിവസത്തിനുശേഷം ട്രൈക്കോഡെർമ 20 ഗ്രാം/ ലിറ്റർ എന്ന തോതില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിച്ച്‌ കൊടുക്കുകയും ചെയ്യുന്നത് വഴി നിയന്ത്രിക്കാം.

 

തണ്ണിമത്തനിലെ കൃത്യതാകൃഷി

 

◾പരമ്പരാഗത കൃഷി രീതിയേക്കാള്‍ രണ്ടിരട്ടി വിളവ് ലഭിക്കുന്നതിനാല്‍ കേരളത്തില്‍ വളരെയേറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന കൃഷിരീതിയാണ് തുറസായ കൃത്യതാകൃഷി. പ്രധാനമായും സങ്കരയിനങ്ങള്‍ ആണ് കൃത്യതാ കൃഷിക്ക് അനുയോജ്യം.

 

◾പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ചുള്ള പുതയിടല്‍, കണികാ ജലസേചനം, ഫെർട്ടിഗേഷൻ എന്നിവയാണ് പ്രധാനമായും അനുവർത്തിച്ചുവരുന്നത്. സാധാരണയായി 30 മൈക്രോണ് കനത്തിലുള്ള പ്ലാസ്റ്റിക് പുതകളാണ് ഉപയോഗിക്കുന്നത്.

 

◾പ്ലാസ്റ്റിക് പുതയിടല്‍ മണ്ണിലെ ജലാംശം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനും കളകളെയും കീടങ്ങളെയും നിയന്ത്രിക്കുന്നതിനും നിർണായക പങ്ക് വഹിക്കുന്നു.

 

◾ജലസേചനം ഡ്രിപ്പറുകള്‍ വഴി കണികാരൂപത്തില്‍ നല്‍കുന്നതിനാല്‍ ഓരോ ചെടിക്കും ആവശ്യമായ വെള്ളം ലഭിക്കുകയും വെള്ളത്തിന്റെ ഉപയോഗക്ഷമത വർധിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നു.

 

◾കാണിക്കാൻ ജലസേചനത്തിലൂടെ വളങ്ങളും ചേർത്ത് നല്‍കുന്ന രീതിയാണ് ഫെർട്ടിഗേഷൻ. ഇതിനായി പൂർണമായും വെള്ളത്തില്‍ ലയിക്കുന്ന വളങ്ങളാണ് ഉപയോഗിക്കുന്നത്.

 

◾നിശ്ചിത അളവില്‍ പലതവണകളായി വളം നല്‍കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. വളങ്ങള്‍ നേരിട്ട് ചെടിയുടെ ചുവട്ടില്‍ എത്തുന്നതിനാല്‍ ഉപയോഗക്ഷമത വളരെ കൂടുതലാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *