ചെന്നൈ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ സിംബാബ്വേയ്ക്കെതിരേ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ സിംബാബ്‌വേ ഫീൽഡിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. വൻവ്യത്യാസത്തിൽ സിംബാബ്വേയെ തോൽപ്പിച്ച് സെമിസാധ്യത നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണും അക്ഷർ പട്ടേലും ടീമിലുണ്ട്. റിങ്കു സിങ്ങിന് പകരമാണ് സഞ്ജു ടീമിലെത്തിയത്. വ്യക്തിപരമായ കാരണത്താലാണ് റിങ്കു നാട്ടിലേക്കുപോയത്. എന്നാൽ വാഷിങ്ടൺ സുന്ദറിന് പകരമാണ് അക്ഷർ കളിക്കുന്നത്

മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി കളിക്കും. നിലവിലെ ഓപ്പണർമാരായ ഇഷാൻ കിഷനും അഭിഷേക് ശർമയും ഇടംകൈയന്മാരായതിനാൽ എതിരാളികൾ ഓഫ് സ്പിന്നർമാരെക്കൊണ്ട് ബൗളിങ് ഓപ്പൺ ചെയ്യിക്കുന്ന തന്ത്രം ടീമിന് തിരിച്ചടിയാകുന്നുണ്ട്. ഇത് മറികടക്കാനാണ് വലംകൈയൻ ബാറ്ററായ സഞ്ജുവിനെ കൊണ്ടുവരുന്നത്. ഇഷാൻ കിഷൻ മൂന്നാംനമ്പറിലാകും ഇറങ്ങുന്നത്
ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ ഓസ്ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ചവരാണ് സിംബാബ്‌വേ. എന്നാൽ സൂപ്പർ എട്ടിലെ ആദ്യകളിയിൽ വിൻഡീസിൽനിന്ന് വൻതോൽവിയേറ്റ ടീമിന് ഇന്ത്യക്കെതിരേയുള്ള പോരാട്ടം നിലനിൽപ്പിൻ്റേതാണ്. ഓപ്പണർമാരായ ബ്രിയൻ ബെന്നറ്റ്, ടാഡിവാനഷെ മറുമാനി, റയാൻ ബുർൾ എന്നിവരാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. 11 വിക്കറ്റ് നേടിയ പേസർ ബ്ലെസിങ് മുസറബാനി, ഒൻപത് വിക്കറ്റെടുത്ത ബ്രാഡ് ഇവാൻസ്, റിച്ചാർഡ് എൻഗറാവ എന്നിവരുൾപ്പെടുന്ന പേസ് നിര ശക്തമാണ്. ഓൾറൗണ്ടർ സിക്കന്ദർ റാസ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ഇന്ത്യക്ക് വെല്ലുവിളിയുയർത്താൻ കഴിയുന്ന താരമാണ്



