വയനാട് മാതൃക ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി; 178 വീടുകള്‍ മുഖ്യമന്ത്രി കൈമാറി

കൽപ്പറ്റ:മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതുതാളം നല്‍കി വയനാട് മാതൃക ടൗണ്‍ഷിപ്പ് ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ദുരന്തത്തില്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്ന 178 പേര്‍ക്കാണ് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയിലെ ആദ്യഘട്ടത്തില്‍ വീടുകള്‍ കൈമാറിയത്. വീട് നില്‍ക്കുന്ന ഏഴുസെന്റ് ഭൂമിക്കുള്ള പട്ടയവും ദുരന്തത്തില്‍ ഒറ്റപ്പെട്ടു പോയ 13 പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേപ്പാടി പുതിയവില്ലേജില്‍ ഏറ്റെടുത്ത 5 ഏക്കര്‍ ഭൂമിക്കുള്ള പട്ടയവും മുഖ്യമന്ത്രി വിതരണം ചെയ്തു.

കെ എസ് എഫ് ഇയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനക്സ് കോംപ്ലക്സിന്റെ നിര്‍മാണ പ്രവര്‍ത്തനവും ചടങ്ങില്‍ വച്ച് ആരംഭിച്ചു. കല്‍പ്പറ്റ എല്‍ പി സ്‌കൂള്‍ ടൗണ്‍ഷിപ്പിലേക്ക് മാറ്റുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ദുരന്തബാധിതരായ ആളുകളെ കൂടുതല്‍ മെച്ചപ്പെട്ട ഒരു ആവാസ വ്യവസ്ഥയിലേക്ക് എത്തിക്കുകയാണ് ടൗണ്‍ഷിപ്പ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകളോടൊപ്പം പൊതുസൗകര്യങ്ങളായ കമ്മ്യൂണിറ്റി ഹാള്‍, ഡിസാസ്റ്റര്‍ ഷെല്‍റ്റര്‍, ഫുട്‌ബോള്‍ ഗ്രൗണ്ട്, ഡിസാസ്റ്റര്‍ മെമ്മോറിയല്‍, കടമുറികള്‍, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി, തടയണയും ജലാശയവും, പത്ത് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, ഭൂഗര്‍ഭ വൈദ്യുത വിതരണ ശൃംഖല, വെള്ളം ഒഴുക്കുന്നതിന് ഡ്രെയിനേജ് സംവിധാനം, 9.5 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള വാട്ടര്‍ ടാങ്ക്, ഒരോ വീട്ടിലും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി 2 കെ വി ശേഷിയുള്ള സോളാര്‍ പവര്‍പ്ലാന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ടൗണ്‍ഷിപ്പില്‍ നിര്‍മിച്ച എല്ലാ വീടിനും അവശ്യം വേണ്ട ഫര്‍ണിച്ചര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

അഞ്ച് സോണുകളായി വിഭാവനം ചെയ്തിരിക്കുന്ന ടൗണ്‍ഷിപ്പില്‍ എട്ട് മുതല്‍ ഇരുപത് വരെ വീടുകള്‍ ഉള്‍ക്കൊള്ളുന്ന 35 ക്ലസ്റ്ററുകളായിട്ടാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും വിശാലമായ ഗ്രീന്‍ സ്‌പേസ് നടുമുറ്റവും അതിനു ചുറ്റും അഞ്ചര മീറ്റര്‍ വീതിയുള്ള റോഡുമുണ്ട്. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന രീതിയിലാണ് വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ പണിതിട്ടുള്ളത്. ഓരോ വീടും തൊണ്ണൂറ് സെന്റീമീറ്റര്‍ വീതിയുള്ള ഒമ്പത് കോണ്‍ക്രീറ്റ് ഭിത്തികളാലാണ് നിര്‍മ്മിച്ചത്. അതോടൊപ്പം തറനിരപ്പിലും, റൂഫ് ലെവലിലും, മേല്‍ക്കൂര ലെവലിലും ഒന്നര അടി ഉയരത്തില്‍ ബീമുകളും, പ്ലിന്ത് ബീമും റൂഫ് ബീമും സജ്ജീകരിക്കുന്നു. കൂടുതല്‍ നിലകള്‍ നിര്‍മ്മിക്കാന്‍ ഉതകുന്ന രീതിയിലാണ് വീടുകളുടെ നിര്‍മാണം. വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച നിര്‍മ്മാണ സാമഗ്രികളാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണ സാമഗ്രികള്‍ ലാബില്‍ പരിശോധിച്ച് ഗുണമേന്‍മ ഉറപ്പുവരുത്തിയ ശേഷമാണ് ഉപയോഗിച്ചത്. അമ്പത്തെട്ടു തരം പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഓരോ വീടിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷനായ പരിപാടിയില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു, വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എംഎല്‍എമാരായ ടി സിദ്ദിഖ്, ടി പി രാമകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, ചീഫ് സെക്രട്ടറി എ ജയതിലക്, റവന്യൂ – ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ടൗണ്‍ഷിപ്പ് പ്രോജക്ട് സ്പെഷ്യല്‍ ഓഫീസര്‍ എസ് സുഹാസ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ജെ ഒ അരുണ്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ പി വിശ്വനാഥന്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഹനീഫ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം സി ഷിഹാബ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ സഹദ്, ഷൈജ ബേബി, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ ഷെമീര്‍ ഒടുവില്‍, ജനപ്രതിനിധികള്‍, ഗുണഭോക്താക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *