കൊച്ചി: പെരുമ്പാവൂർ കീഴില്ലത്തെ ഹോട്ടൽ മുറിയിൽ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് ജീവനെടുത്തു. കീഴില്ലം സ്വദേശി ബിജിമോൾ (40) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ബൈക്കിൽ കടന്നുകളഞ്ഞ ഭർത്താവ് ലൈജു കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്..
ഞായറാഴ്ച ഉച്ചയോടെ കീഴില്ലത്തെ ഒരു ഹോട്ടലിൽ വെച്ചാണ് ദമ്പതികൾക്കിടയിൽ രൂക്ഷമായ തർക്കമുണ്ടായത്. വാക്കുതർക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോൾ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കുക ആയിരുന്നു. കൃത്യം നടക്കുന്ന സമയത്ത് ദമ്പതികളുടെ മകൻ മുറിയിൽ ഉണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന മകൻ തിരികെ എത്തിയപ്പോഴാണ് അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
മുൻപ് കോതമംഗലത്ത് ഹോട്ടലും പച്ചക്കറി കടയും നടത്തിയിരുന്നയാളാണ് ഭര്‍ത്താവ് ലൈജു. അവിടെ ജോലിക്ക് എത്തിയപ്പോഴാണ് ബിജിമോളുമായി ഇയാൾ പ്രണയത്തിലാകുന്നതും തുടർന്ന് വിവാഹം കഴിക്കുന്നതും. ആദ്യ ഭാര്യയ്ക്ക് നൽകേണ്ട ജീവനാംശം മുടങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ലൈജു മുൻപ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. വെരിക്കോസ് രോഗത്തിന് മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ തിരിച്ചെത്തിയത്..
കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ട പ്രതി ലൈജുവിനെ പോലീസ് നിരീക്ഷണത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്..



