ദുബൈ:യുദ്ധഭീതിയില്‍ ഉഴലുമ്പോൾ UAEയിലെ ബിസിനസ് ലോകം പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും ഒരുക്കി ലോകത്തിന് മാതൃകയാവുകയാണ് യുഎഇയിലെ ബിസിനസ്സുകാർ. പ്രതിസന്ധിയില്‍ ഉഴലുന്നവർക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് ഇവിടുത്തെ പ്രമുഖ സ്ഥാപനങ്ങള്‍.വെറും വാക്കുകളിലല്ല, പ്രവൃത്തിയിലാണ് തങ്ങളുടെ ഐക്യദാർഢ്യമെന്ന് ഇവർ തെളിയിക്കുന്നു. യാത്രക്കാർക്കും താമസക്കാർക്കുമായി സൗജന്യ സേവനങ്ങളുടെ വൻ നിരയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബൈയിലെ പ്രമുഖ മെയിന്റനൻസ് കമ്പനിയായ ‘റെനോവോ’ വലിയൊരു പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. സംഘർഷത്തില്‍ തകരാറുകള്‍ സംഭവിച്ച വീടുകള്‍ ഇവർ സൗജന്യമായി നന്നാക്കി നല്‍കും. “ഈ നാടാണ് ഞങ്ങളെ വളർത്തിയത്, ഇപ്പോള്‍ ഞങ്ങള്‍ നാടിനായി നിലകൊള്ളുന്നു” റെനോവോയുടെ ഉടമ സമിയുള്‍ ഖാൻ പറയുന്നത് ഇപ്രകാരമാണ്. പെയിന്റിംഗ് മുതല്‍ വലിയ അറ്റകുറ്റപ്പണികള്‍ വരെ ഇവർ ഏറ്റെടുക്കും.
താമസ സൗകര്യമില്ലാതെ വലയുന്നവർക്കായി പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ‘ഡാന്യൂബ്’ മുന്നോട്ടുവന്നു. തങ്ങളുടെ പ്രോപ്പർട്ടികളില്‍ ഇവർ സൗജന്യ താമസം വാഗ്ദാനം ചെയ്യുന്നു. “ആരും ഒറ്റയ്ക്കാണെന്ന് തോന്നരുത്,” ഡാന്യൂബ് ചെയർമാൻ റിസ്വാൻ സാജൻ വ്യക്തമാക്കി. ഗവണ്‍മെന്റ് ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പീസ് ഹോംസ് ഡെവലപ്മെന്റ്സും’ സമാനമായ സഹായവുമായി രംഗത്തുണ്ട്. ഗർഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രായമായവർക്കും താമസ സൗകര്യത്തില്‍ ഇവർ മുൻഗണന നല്‍കും. പാം ജുമൈറയിലെ ആഡംബര ഹോട്ടലായ ‘മിലിയോ ഹോട്ടല്‍ ദി പാം’ മാതൃകാപരമായ തീരുമാനവുമായി രംഗത്തെത്തി. വിമാനത്താവളത്തില്‍ കുടുങ്ങിയവർക്ക് ഇവിടെ സൗജന്യമായി രാത്രി താമസിക്കാം.
‘പെറ്റൈറ്റ് ഗൗർമെറ്റ്’ എന്ന ബ്രാൻഡ് ചൂടുള്ള ഭക്ഷണം ആവശ്യക്കാരിലേക്ക് എത്തിക്കുന്നു. ഡെലിവറി റൈഡർമാർക്കും ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്കുമാണ് ഇവർ മുൻഗണന നല്‍കുന്നത്. ഇൻസ്റ്റാഗ്രാം വഴി ഇവരെ ആർക്കും ഇവരെ ബന്ധപ്പെടാവുന്നതാണ്. സൗജന്യ താമസവുമായി ‘AraBnB ഹോളിഡേ ഹോംസ്’ ദുബൈയിലും സജീവമാണ്. തങ്ങളുടെ പക്കലുള്ള ഒഴിവുള്ള അപ്പാർട്ടുമെന്റുകള്‍ ഇവർ യാത്രക്കാർക്കായി തുറന്നുനല്‍കി.
മറ്റൊരു യാത്രാ പ്ലാറ്റ്ഫോമായ ‘ലിവ്ജാസ’ തങ്ങളുടെ സർവീസ് ഫീസ് പൂർണ്ണമായും ഒഴിവാക്കി. വിനോദസഞ്ചാരികള്‍ക്കും താമസക്കാർക്കും കുറഞ്ഞ ചെലവില്‍ താമസസൗകര്യം ഉറപ്പാക്കുകയാണിവിടെ. “ഇത് ലാഭമുണ്ടാക്കാനുള്ള സമയമല്ല, ഐക്യത്തോടെ നില്‍ക്കേണ്ട സമയമാണ്” സിഇഓ രാംനീക് ധീർ പറഞ്ഞു. ദുബൈ ആസ്ഥാനമായുള്ള ഈ കമ്പനികള്‍ക്ക് ലാഭത്തേക്കാള്‍ വലുത് മനുഷ്യത്വമാണ്.
സഹായം തേടി വരുന്നവർക്ക് വലിയ ആശ്വാസമാണ് ഈ നിലപാടുകള്‍ നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം വാഗ്ദാനങ്ങള്‍ വലിയ തരംഗമായി മാറിക്കഴിഞ്ഞു. ചെറുതും വലുതുമായ നിരവധി ബിസിനസുകള്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കുന്നുണ്ട്. മീറ്റിംഗ് റൂമുകള്‍ വിശ്രമ കേന്ദ്രങ്ങളാക്കിയും ഫീസുകള്‍ ഒഴിവാക്കിയും അവർ കൂടെയുണ്ട്.
യുഎഇയുടെ ഈ അതിജീവന മാതൃക ലോകത്തിന് തന്നെ വലിയൊരു പാഠമാണ്. വിദേശികളും സ്വദേശികളും ഒരേ മനസ്സോടെ ഈ ദൗത്യത്തില്‍ പങ്കുചേരുന്നു. സാധാരണ ജീവിതം തടസ്സപ്പെട്ടവർക്ക് ഇത്തരം നീക്കങ്ങള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നു. യുഎഇ എന്ന നാടിന്റെ കരുത്ത് അതിന്റെ ജനതയും നന്മയുമാണെന്ന് വീണ്ടും തെളിയുന്നു.



