തിരുനെല്ലി:റോഡിൽ നിന്നും വീണുകിട്ടിയ വിദേശ പൗരൻ്റെ പാസ്പോർട്ട് തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ സുനിൽ കുമാർ. തൃശിലേരി സ്വദേശിയായ സുനിൽ കുമാറാണ് ജർമ്മൻ പൗരനായ കോൺസ്റ്റാന്റിൻ ഫ്രെഡറിക്കിന് തുണയായത്. തൃശിലേരിയിൽ വെച്ചാണ് സുനിലിന് പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ റോഡിൽ നിന്നും ലഭിച്ചത്. രേഖകളുടെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ വിവരം തിരുനെല്ലി പോലീസിനെ അറിയിക്കുകയും രേഖകൾ കൈമാറുകയും ചെയ്‌തു. തുടർന്ന് റിസോർട്ട് ഉടമകൾ വഴിയും, സോഷ്യൽ മീഡിയ വഴിയും വ്യാപകമായ തിരച്ചിൽ നടത്തി. പിന്നീട് ജർമ്മൻ പൗരൻ സ്‌റ്റേഷനിലെത്തി രേഖകൾ കൈപ്പറ്റി.തന്റെ മകളും ജർമ്മനിയിലാണ് പഠിക്കുന്നതെന്നും, വിദേശ രാജ്യത്ത് വെച്ച് മകൾക്കാണ് ഇത്തരമൊരു അവസ്ഥ വന്നതെങ്കിൽ അവൾ എത്രമാത്രം വിഷമിക്കുമെന്ന് താൻ ചിന്തിച്ചതായും, ആയതിനാലാണ് രേഖകൾ ഉടമസ്ഥനെ ഏൽപ്പിക്കാൻ കിണഞ്ഞ് പരിശ്രമിച്ചതെന്ന് ഓട്ടോ ഡ്രൈവർ സുനിൽ കുമാർ പറഞ്ഞു. ജർമ്മനിയിലെ ലസംബർഗ് സ്വദേശിയായ കോൺസ്റ്റാൻ്റിൻ ഫ്രെഡറിക് സൂൾസ്കെ (29) എന്ന യുവാവിൻ്റേതായിരുന്നു രേഖകൾ. അവ തിരികെ ലഭിച്ചതിൽ സുനിൽ കുമാറിനോടും പോലീസിനോടും യുവാവ് നന്ദി അറിയിച്ചു
ജർമ്മൻ പൗരൻ്റെ കളഞ്ഞുകിട്ടിയ പാസ്പോർട്ട് തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ



