തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വേതനം കൂട്ടാൻ വിജ്ഞാപനവുമായി സർക്കാർ. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം മൂന്നുദിവസം പിന്നിട്ട സാഹചര്യത്തിലാണ് തീരുമാനം. മിനിമം വേതനം വർധിപ്പിച്ചുള്ള കരടുവിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
നഴ്സുമാരുടെ മിനിമം വേതനം 25,450-28,000 രൂപയാക്കി കൂട്ടാനാണ് ശുപാർശ. ഉയർന്ന തസ്തികയിലുള്ള നഴ്സുമാർക്ക് കുറഞ്ഞ വേതനം 33,080 രൂപവരെയാവും. അറ്റൻഡർ, ഹെൽപ്പർ, സെക്യൂരിറ്റി, സ്റ്റോർ കീപ്പർ, സ്വീപ്പർ തുടങ്ങി മറ്റു ജീവനക്കാരുടെ വേതനം 23,650 രൂപയാക്കി വർധിപ്പിക്കാനാണ് ശുപാർശ.
നിലവിൽ 20,000 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാനശമ്പളം. 2018-ലെ ഉത്തരവനുസരിച്ചുള്ളതാണ് ഇപ്പോഴത്തെ വേതനം. പരമാവധി അഞ്ചു വർഷത്തിനുള്ളിൽ കൂട്ടണമെന്നിരിക്കേ, എട്ടു വർഷമായി തുക വർധിപ്പിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവുപ്രകാരം സർക്കാർ-സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് തുല്യവേതനം ഉറപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
മിനിമം വേതനം കൂട്ടാൻ നേരത്തേതന്നെ സർക്കാർ ശ്രമിച്ചെങ്കിലും ആശുപത്രി ഉടമകളാണ് മുഖം തിരിഞ്ഞുനിന്നതെന്ന് മന്ത്രി പറഞ്ഞു. മിനിമം വേതനം ചർച്ച ചെയ്യാനുള്ള യോഗത്തിൽ മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല. സർക്കാർ സ്വന്തം നിലയിൽ അധികാരം പ്രയോഗിച്ചാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച പുറപ്പെടുവിക്കുന്ന കരടുവിജ്ഞാപനത്തിൽ പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്താൻ രണ്ടു മാസത്തെ സമയം അനുവദിക്കും.


