തിരുവനന്തപുരം: ടി20 ലോകകപ്പ് വിജയത്തിന് ശേഷം മലയാളി താരം സഞ്ജു സാംസൺ കേരളത്തിൽ തിരിച്ചെത്തി. തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിന് വൻ വരവേൽപ്പാണ് ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഞ്ജുവിനെ സ്വീകരിച്ചു. എ.എ റഹീം എംപിയടക്കമുള്ളവരും വിമാനത്താവളത്തിലെത്തി സഞ്ജുവിനെ സ്വാഗതം ചെയ്തു
വിമാനത്താവളത്തിൽ ആരാധകപ്രവാഹമായിരുന്നു. ഒട്ടേറെപ്പേർ സഞ്ജുവിനെ കാണാനായി തിരുവനന്തപുരത്തെത്തി. ചേട്ടനെന്ന് വിളിച്ച് ആരാധകർ അവരുടെ പ്രിയതാരത്തെ വരവേറ്റു. എല്ലാവർക്കും നന്ദി അറിയിച്ചാണ് സഞ്ജു വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്. സഞ്ജുവിന് ഔദ്യോഗിക സ്വീകരണമൊരുക്കുമെന്ന് നേരത്തേ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇന്ത്യയുടെ കിരീട വിജയത്തിനു പിന്നാലെ ടീമിനെയും സഞ്ജുവിനെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചിരുന്നു.
ലോകകപ്പിലെ അഞ്ചു മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടിയ പ്രകടനമാണ് സഞ്ജുവിനെ ടൂർണമെന്റിന്റെ താരമാക്കിയത്. വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസീലൻഡിനെതിരായ ഫൈനലിലുമെല്ലാം നിർണായകമായത് സഞ്ജുവിന്റെ ഇന്നിങ്‌സുകളായിരുന്നു.





