ടി20 ലോകകപ്പിലെ താരമായ സഞ്ജു സാംസണെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്ന വാദം നിലനില്‍ക്കുന്നുണ്ട്. ടി20 ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 321 റണ്‍സ് നേടിയെങ്കിലും ഐപിഎല്‍ പ്രകടനം കൂടി കണക്കിലെടുത്ത് മാത്രമെ സഞ്ജുവിനെ ഏകദിന ടീമിലേക്ക് കൊണ്ടുവരൂവെന്നാണ് സൂചന. ഗംഭീര്‍ പറയുന്നതിങ്ങനെയാണ്… ”ഐപിഎല്ലിന് ശേഷമായിരിക്കും 2027 ലോകകപ്പിനായുള്ള ആസൂത്രണം തുടങ്ങുക. ഈ കാലയളവില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ഏകദിന മത്സരങ്ങള്‍ കൃത്യമായി വിനിയോഗിക്കും. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യരായ താരങ്ങളെ കണ്ടെത്തുകയും ശരിയായ ടീം കോമ്പിനേഷന്‍ നിശ്ചയിക്കുകയും ചെയ്യേണ്ടതുണ്ട്.” ഗംഭീര്‍ വ്യക്തമാക്കി
2023-ല്‍ ദക്ഷിണാഫ്രിക്കയില്‍ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയ താരമാണ് സഞ്ജുവെന്ന് ഓര്‍ക്കണം. എന്നാല്‍ അതിന് ശേഷം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. മാത്രമല്ല, ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ മികച്ച റെക്കോഡും സഞ്ജുവിനുണ്ട്. ഗംഭീറിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന സഞ്ജുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. നിലവില്‍ കെ എല്‍ രാഹുലാണ് ഏകദിനത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. എന്തായാലും സഞ്ജുവിനെ തള്ളികളയാന്‍ കഴിയില്ല. പ്രത്യേകിച്ച് ഗംഭീറിന് താല്‍പര്യമുള്ള താരം കൂടിയാണ് സഞ്ജു. ഇതിനിടെ സോഷ്യല്‍ മീഡിയയിലും സഞ്ജുവിനെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്




