ഐസിസി ടി20 റാങ്കിംഗ്: സഞ്ജു ആദ്യ പത്തില്‍ ഇടം നേടിയേക്കും

ഐസിസി ടി20 റാങ്കിംഗ് ചരിത്രത്തിലാദ്യമായി മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ പത്തിലെത്താന്‍ സാധ്യത തെളിയുന്നു. ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേയും ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേയും പുറത്തെടുത്ത പ്രകടനമാണ് സഞ്ജുവിനെ ആദ്യ പത്തിലെത്തിക്കുക. രണ്ട് മത്സരങ്ങളിലും 89 റണ്‍സ് വീതം സഞ്ജു നേടിയിരുന്നു. ലോകകപ്പിന്റെ താരവും സഞ്ജുവായിരുന്നു. റാങ്കിംഗില്‍ കുതിപ്പുണ്ടാക്കാന്‍ ഈ പ്രകടനങ്ങള്‍ ധാരാളമാണ്. ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് ശേഷം റാങ്കിംഗ് പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

 

വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സ് നേടിയ സഞ്ജു കഴിഞ്ഞ റാങ്കിംഗ് പുറത്തുവിട്ടപ്പോള്‍ വലിയ കുതിപ്പ് നടത്തിയിരുന്നു. 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു നിലവില്‍ 40-ാം സ്ഥാനത്താണ്. ലോകകപ്പില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങൡല പ്രകടനം കൂടി പരിഗണിക്കുമ്പോള്‍ സഞ്ജു ഇതിനേക്കാള്‍ കൂടുതല്‍ സ്ഥാനം മെച്ചപ്പെടുത്താനാണ് സാധ്യത. ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു 321 റണ്‍സാണ് ഒന്നാകെ നേടിയത്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയും സഞ്ജു തന്നെ. ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയെടുത്താല്‍ സഞ്ജു മൂന്നാം സ്ഥാനത്താണ്.

 

അതേസമയം, ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടില്ല. ഫൈനലില്‍ 52 റണ്‍സ് നേടിയിരുന്നു അഭിഷേക്. പാകിസ്ഥാന്‍ താരം സാഹിബ്‌സാദാ ഫര്‍ഹാന്‍ രണ്ടാം സ്ഥാനത്ത് തന്നെയുണ്ടാകും. എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് താരം ഫിലിപ്പ് സാള്‍ട്ടിന് നാലാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വരും. പകരം ഇഷാന്‍ കിഷന്‍ ഒരുപടി കയറി മൂന്നാമതെത്തും. ലോകകപ്പ് ഫൈനലില്‍ 54 റണ്‍സ് നേടിയ കിഷന്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേയും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

 

ആറാം സ്ഥാനത്തുള്ള തിലക് വര്‍മയ്ക്ക് വലിയ മുന്നേറ്റം ഉണ്ടാകാനിടയില്ല. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന് ആദ്യ പത്തിലെ സ്ഥാനം നഷ്ടമായേക്കും.നിലവില്‍ ഏഴാം സ്ഥാനത്താണ് താരം. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഗോള്‍ഡന്‍ ഡക്കായിരുന്നു താരം. ആദ്യ പത്തില്‍ എവിടെയായിരിക്കും സഞ്ജുവിന്റെ സ്ഥാനമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. എന്തായാലും പുതിയ റാങ്കിംഗ് അറിയാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *